'ധാർമ്മിക മൂല്യങ്ങൾ അവഗണിച്ചു' ; മകൻ തേജ് പ്രതാപിനെ പാർടിയിൽ നിന്ന് പുറത്താക്കി ലാലു

ന്യൂഡൽഹി : തേജ് പ്രതാപ് യാദവിനെ പാർടിയിൽ നിന്ന് പുറത്താക്കിയതായി രാഷ്ട്രീയ ജനതാദൾ (ആർജെഡി- RJD) അധ്യക്ഷൻ ലാലു പ്രസാദ് യാദവ് . മൂത്ത മകനായ തേജിനെ ആറ് വർഷത്തേക്കാണ് പാർടിയിൽ നിന്ന് പുറത്താക്കിയത്. കുടുംബത്തിൽ നിന്നും തേജിനെ പുറത്താക്കിയതായും ലാലു പ്രസാദ് യാദവ് പ്രഖ്യാപിച്ചു. ധാർമ്മിക മൂല്യങ്ങൾ അവഗണിച്ചു എന്ന കാരണത്താലാണ് പുറത്താക്കൽ.
ഒരു സ്ത്രീയോടൊത്തുള്ള ചിത്രം പാർട്ണർ എന്ന അടിക്കുറിപ്പോടെ തേജ് ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എക്സ് വഴിയാണ് ലാലു പ്രസാദ് യാദവ് മകനെ പുറത്താക്കുന്ന വിവരം പങ്കുവച്ചത്.
എന്റെ മൂത്ത മകന്റെ പ്രവർത്തനങ്ങൾ, നിരുത്തരവാദപരമായ പെരുമാറ്റം എന്നിവ ഞങ്ങളുടെ കുടുംബ മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും അനുസൃതമല്ല. വ്യക്തിപരമായ ജീവിതത്തിൽ ധാർമ്മിക മൂല്യങ്ങളെ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണ്. അതുകൊണ്ട് മുകളിൽ പറഞ്ഞ സാഹചര്യങ്ങൾ കാരണം ഞാൻ എന്റെ മകനെ പാർടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുന്നു.
ഇനി മുതൽ അദ്ദേഹത്തിന് പാർടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള ബന്ധവും സ്ഥാനവും ഉണ്ടായിരിക്കില്ല. പാർടിയിൽ നിന്ന് 6 വർഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. സ്വന്തം ജീവിതത്തിലെ ഗുണദോഷങ്ങൾ കാണാൻ അയാൾക്ക് കഴിയണം. തേജുമായി ബന്ധം പുലർത്തുന്ന എല്ലാവരും ആലോചിച്ച് തീരുമാനങ്ങൾ എടുക്കണം - ലാലു പ്രസാദ് യാദവ് എക്സിൽ കുറിച്ചു.
അനുഷ്ക യാദവ് എന്ന സ്ത്രീയുമായി ദീർഘകാലമായി ലിവ് ഇൻ ബന്ധത്തിലാണെന്ന് അവകാശപ്പെടുന്ന തേജിന്റെ വൈറൽ പോസ്റ്റിന് പിന്നാലെയാണ് സംഭവവികാസങ്ങൾ. എന്നാൽ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ബീഹാർ മുൻ മന്ത്രി കൂടിയായ തേജ് പ്രതാപ് പിന്നീട് വിശദമാക്കി. വിവാദത്തിനിടയാക്കിയ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.
മുൻ ബീഹാർ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകൾ ഐശ്വര്യയെ 2018ൽ തേജ് വിവാഹം കഴിച്ചുവെന്നും എന്നാൽ ഭർത്താവും മാതാപിതാക്കളും മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഐശ്വര്യ വീട് വിട്ടുപോവുകയായിരുന്നു.
ഐശ്വര്യ-തേജ് പ്രതാപ് ബന്ധത്തിലെ വിള്ളല്‍ ആര്‍ജെഡിയിലും പ്രതിഫലിച്ചിരുന്നു. കുടുംബ പ്രശ്നങ്ങൾ രൂക്ഷയാതോടെ ഐശ്വര്യയുടെ പിതാവും മുന്‍മന്ത്രിയുമായ ചന്ദ്രികാ റോയ് പാര്‍ട്ടി വിട്ടു. മകള്‍ക്കുവേണ്ടി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് പ്രഖ്യാപിച്ചു. തേജ് പ്രതാപ്- ഐശ്വര്യ വിവാഹമോചനക്കേസ് കുടുംബകോടതിയില്‍ നിനിൽക്കെയാണ് പുതിയ വിവാദങ്ങൾ.
തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനും ഉപദ്രവിക്കാനും ബോധപൂർവമായ ശ്രമം നടന്നക്കുന്നുണ്ടെന്നും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തുവെന്നുമാണ് തേജിന്റെ വാദം. ഫോട്ടോകൾ എഡിറ്റ് ചെയ്തതാണെന്നും തേജ് അവകാശപ്പെട്ടു. പുറത്താക്കിയ വിഷയത്തിൽ തേജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.









0 comments