ലളിത് മോദിയുടെ സഹോദരൻ സമീർ മോദി ബലാത്സംഗക്കേസിൽ അറസ്റ്റിൽ

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളിൽനിന്നുൾപ്പെടെ 9000 കോടിയിലധികം രൂപ തട്ടിപ്പ് നടത്തി നാടുവിട്ട വ്യവസായി ലളിത് മോദിയുടെ സഹോദരൻ സമീർ മോദി ബലാത്സംഗക്കേസിൽ അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകി തന്നെ നിരന്തരം ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന യുവതിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. 2019 ൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് സമീറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. യുവതിയെ ഇയാൾ നിരന്തരം ബ്ലാക്ക്മെയിൽ ചെയ്തിരുന്നു എന്നും പരാതിയുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
2019 മുതൽ സമീർ യുവതിയുമായി പ്രണയത്തിലായിരുന്നു. ഫാഷൻ മേഖലയിൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് പരിചയപ്പെടുകയും തുടർന്ന് പ്രണയബന്ധത്തിലാകുകയും ചെയ്‌തു. പിന്നീട് യുവതിയെ തന്റെ വസതിയിൽ കൊണ്ട് പോയി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. വിവാഹവാഗ്ദാനം നൽകി ബന്ധം തുടർന്നെങ്കിലും പിന്നീട് യുവതിക്ക് ചതി മനസിലായി. ഈ വിവരങ്ങൾ പുറത്തുപറഞ്ഞാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് സമീർ ഭീഷണിപ്പെടുത്തി. യുവതിയെയും കുടുംബത്തെയും നിരന്തരം ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും സ്വാധീനം ഉപയോഗിച്ച് ഇവരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു.
ഐപിഎൽ സ്ഥാപക ചെയർമാനായ ലളിത് മോദി 2010ലാണ് രാജ്യംവിട്ടത്. നിരവധി കേസുകളിൽ ഇഡിയും മറ്റ് ഏജൻസികളും അന്വേഷണം നടത്തുന്നതിനിടയിലായിരുന്നു നാടുവിടൽ. രാജസ്ഥാൻ മുൻമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വസുന്ധര രാജെയുടെ അടുത്ത അനുയായിരുന്നു ലളിത്.









0 comments