നിരോധനാജ്ഞയ്‌ക്ക് അയവില്ല ; ജനം ദുരിതത്തിൽ
ലഡാക്കില്‍ ചർച്ച വഴിമുട്ടി ; മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം


എം അഖിൽ
Published on Sep 30, 2025, 03:40 AM | 2 min read
ന്യൂഡൽഹി
ലഡാക്കിൽ മോദിസര്‍ക്കാര്‍ ജനകീയപ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതില്‍ പ്രതിഷേധിച്ച് ലേ അപെക്‌സ്‌ബോഡി (എൽഎബി) സർക്കാരുമായുള്ള സമാധാന ചർച്ചകളിൽനിന്ന് പിൻമാറി. ഒക്‌ടോബർ ആറിന് കേന്ദ്രസർക്കാരും ലേ അപെക്‌സ്‌ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) പ്രതിനിധികളും അനുരഞ്‌ജന ചർച്ചകൾ തീരുമാനിച്ചിരുന്നു. എന്നാൽ, യോഗം ബഹിഷ്‌കരിക്കുമെന്ന് എൽഎബി നേതാക്കൾ അറിയിച്ചു. ഇതോടെ, സമാധാന ചർച്ചകൾ വഴിമുട്ടി.
ജനകീയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ സോനം വാങ്‌ചുക്കിനെ നിരുപാധികം വിട്ടയക്കണം, ലഡാക്കിനെ എത്രയും വേഗം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരണം, നാല് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ പൊലീസ് വെടിവയ്‌പ്പിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം, സമരക്കാരെ ‘ദേശദ്രോഹി’കളെന്നും ‘പാക് അനുകൂലി’കളെന്നും വിളിച്ചതിൽ മാപ്പുപറയണം തുടങ്ങിയ ആവശ്യങ്ങൾ എൽഎബി ഉന്നയിച്ചു. കേന്ദ്രസർക്കാർ ഇൗ ആവശ്യങ്ങൾ അംഗീകരിക്കുംവരെ അവരുമായി ചർച്ചകൾക്ക് തയ്യാറല്ലെന്ന് എൽഎബി ചെയർമാനും മുൻ എംപിയുമായ തുപ്‌സ്റ്റാൻ ഛേവാങ് പ്രതികരിച്ചു.
ലഡാക്കിൽ ഭീതിയുടെയും നിരാശയുടെയും രോഷത്തിന്റെയും അന്തരീക്ഷമാണ്. ഇത്തരം അന്തരീക്ഷത്തിൽ അനുരഞ്‌ജന ചർച്ചകൾക്ക് പ്രസക്തിയില്ല. എത്രയും വേഗം സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാരും ലഡാക് അധികൃതരും ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും തുപ്‌സ്റ്റാൻ ഛേവാങ് ആവശ്യപ്പെട്ടു. ലഡാക്കിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ നാലുമാസത്തോളം വഴിമുട്ടിയതിനുശേഷം ഇൗ മാസം 20നാണ് കേന്ദ്രസർക്കാർ എൽഎബി, കെഡിഎ തുടങ്ങിയ സംഘടനകളെ ഒക്‌ടോബർ ആറിന് ചർച്ചകൾക്ക് ക്ഷണിച്ചത്. എന്നാൽ, 24ന് ലേയിൽ സമാധാനപൂർവം സമരം ചെയ്‌തവർക്കുനേരെ പ്രകോപനങ്ങളുണ്ടാകുകയും തുടർന്ന് പൊലീസ് വെടിവയ്‌ക്കുകയും ചെയ്‌തു.
വെടിവയ്‌പ്പിൽ നാല് യുവാക്കൾ കൊല്ലപ്പെട്ടു. സമരത്തിന് നേതൃത്വം നൽകിയ സോനം വാങ്‌ചുക്കിനെ ദേശീയസുരക്ഷാനിയമപ്രകാരം അറസ്റ്റുചെയ്‌ത് ജോധ്‌പുർ ജയിലിലടച്ചു. തികച്ചും ഏകപക്ഷീയമായ രീതിയിൽ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾ വിപരീതഫലമുണ്ടാക്കുമെന്ന് പ്രതിപക്ഷവും ലഡാക്കിലെ സംഘടനകളും ചൂണ്ടിക്കാണിച്ചിരുന്നു. എൽഎബി തീരുമാനം പ്രഖ്യാപിച്ചതിനുപിന്നാലെ ഏതുസമയത്തും ചർച്ചയ്‌ക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. എൽഎബി, കെഡിഎ എന്നിവയുമായി മുന്പ് നടത്തിയ ചർച്ചകൾ ഗുണപരമായിരുന്നെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
നിരോധനാജ്ഞയ്‌ക്ക് അയവില്ല ; ജനം ദുരിതത്തിൽ
ആറാംദിവസവും നിരോധനാജ്ഞ തുടരുന്ന ലഡാക്കിൽ ജനങ്ങൾ കടുത്ത ദുരിതത്തിൽ. സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും നിരോധനാജ്ഞയും മറ്റ് വിലക്കുകളും പിൻവലിച്ചിട്ടില്ല. വ്യാപാര സ്ഥാപനങ്ങൾ കുറച്ച് സമയം മാത്രമാണ് തുറക്കുന്നത്. അവശ്യസാധനങ്ങളുടെ ലഭ്യതയും കുറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നു. ഇന്റനെറ്റ് നിരോധനം തുടരുന്നു. ലഡാക്കിന്റെ ജീവനാഡിയായ ടൂറിസം മേഖല പൂർണമായും സ്‌തംഭിച്ചു.
നിരവധി വിനോദസഞ്ചാരികൾ ലഡാക്കിൽ കുടുങ്ങി. ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ പ്രതിസന്ധിയിലായി. ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണം വിനോദസഞ്ചാര മേഖലയ്‌ക്ക് കനത്തതിരിച്ചടിയായിരുന്നു.
ലെഫ്. ഗവർണർ കവീന്ദർ ഗുപ്‌തയുടെ മേൽനോട്ടത്തിൽ സുരക്ഷാ സാഹചര്യം വിലയിരുത്താൻ വീണ്ടും യോഗം ചേർന്നു. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള ചർച്ചയിൽ ലഡാക്കുമായി ബന്ധപ്പെട്ട നിർണായകവിഷയങ്ങൾ ഉന്നയിക്കുമെന്ന് ലേ അപെക്‌സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് തുടങ്ങിയ സംഘടനകളുടെ നേതാക്കൾ അറിയിച്ചു.









0 comments