അപമാനിക്കപ്പെട്ട് രാജ്യം ; സോഫിയ ഖുറേഷി ‘ഭീകരരുടെ സഹോദരി’യെന്ന് ബിജെപി മന്ത്രി

കുൻവർ വിജയ് ഷാ
ന്യൂഡൽഹി
പാകിസ്ഥാന് ഇന്ത്യൻ സേന തിരിച്ചടി നൽകിയ ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ മുഖമായി മാറിയ കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’യെന്ന് ബിജെപി മന്ത്രി അധിക്ഷേപിച്ചതിൽ രാജ്യവ്യാപക പ്രതിഷേധം. സൈനിക ഓപ്പറേഷന് നേതൃത്വം നൽകിയ വനിതാ യോദ്ധാവിനെ മതത്തിന്റെ പേരിൽ ഭീകരരുമായി കൂട്ടിക്കെട്ടിയതിലൂടെ രാജ്യമാണ് അപമാനിക്കപ്പെട്ടതെന്ന് പ്രതികരണമുയർന്നു. കേന്ദ്ര വനിതാ, ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂർ ഉൾപ്പെടെയുള്ള ബിജെപി പ്രമുഖ നേതാക്കൾ ഉള്ള വേദിയിലായിരുന്നു പരാമർശം. ഇതിനെ നേതാക്കൾ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ദൃശ്യം പ്രചരിച്ചതോടെ രാജ്യത്ത് ജനരോഷം ആളിക്കത്തി.
ഇൻഡോറിൽ നടന്ന പരിപാടിയിലാണ് മധ്യപ്രദേശിലെ ബിജെപി സർക്കാരിൽ ആദിവാസിക്ഷേമ മന്ത്രിയായ കുൻവർ വിജയ് ഷാ പരാമർശം നടത്തിയത്. ‘ഭീകരർ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്‌ച്ചു. അവർക്ക് മറുപടി നൽകാൻ മോദി അവരുടെ സ്വന്തം സഹോദരിയെ തന്നെ അയച്ചു. അവർ ഹിന്ദുക്കളുടെ വസ്‌ത്രം നീക്കി പരിശോധിച്ചാണ് കൊലപ്പെടുത്തിയത്. മോദിജി അവരുടെ സഹോദരിയെ അയച്ച് അതേ നാണയത്തിൽ തിരിച്ചടിച്ചു. നിങ്ങൾ ഞങ്ങളുടെ സ്‌ത്രീകളെ വിധവകളാക്കിയാൽ ഞങ്ങൾ നിങ്ങളുടെ സ്‌ത്രീകളെ അയച്ച് തിരിച്ചടിക്കുമെന്ന സന്ദേശമാണ് നൽകിയത്’–- എന്നായിരുന്നു ഷായുടെ പരാമർശം.
പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയ തിരിച്ചടിയുടെ വിശദാംശങ്ങൾ രാജ്യത്തിനുമുന്നിൽ പങ്കുവച്ചത് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമികാ സിങ്ങുമായിരുന്നു. അത്തരമൊരു ഘട്ടത്തിൽ സോഫിയ ഖുറേഷിയെ ബിജെപി നേതാവ് അപമാനിച്ചത് കേന്ദ്രസർക്കാരിന് വന്‍ നാണക്കേടായി.
ഭരണഘടനയുടെ പേരിൽ പ്രതിജ്ഞയെടുത്തവർക്ക് മതനിരപേക്ഷ മൂല്യം സാമുദായി മൈത്രിയും സംരക്ഷിക്കാൻ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രിയുടെ പരാമർശത്തെ വിമർശിച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.
സൈനികരുടെ ആത്മാർഥ സേവനത്തെയും സേനയുടെ അഭിമാനത്തെയും ചോദ്യം ചെയ്യുന്നതാണ് മന്ത്രിയുടെ പരാമർശങ്ങളെന്ന് സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണൻ പ്രതികരിച്ചു. ആത്മാർഥതയുണ്ടെങ്കിൽ ബിജെപി മന്ത്രിയെ പുറത്താക്കണമെന്ന് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വീരപുത്രിമാരെ ‘ഭീകരരുടെ സഹോദരി’യാക്കിയ ഷായ്‌ക്ക് ബിജെപിയുടെയും സർക്കാരിന്റെയും പിന്തുണയുണ്ടോയെന്ന് കോൺഗ്രസ് ആരാഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിസേന ഉദ്യോഗസ്ഥന്റെ ഭാര്യ ഹിമാൻഷിക്കും ‘ഓപ്പറേഷൻ സിന്ദൂർ’ നടപടികൾ വിശദീകരിച്ചിരുന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും അദ്ദേഹത്തിന്റെ മകൾക്കും നേരെ സംഘപരിവാറുകാരുടെ അധിക്ഷേപ വർഷമുണ്ടായി. മിസ്രിക്ക് അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ സ്വകാര്യമാക്കേണ്ടി വന്നു. രാജ്യം ഒന്നിച്ചുനിൽക്കേണ്ട സാഹചര്യത്തിൽ സംഘപരിവാർ നേതാക്കളിൽ നിന്ന് തന്നെയാണ് ഇത്തരം ഭിന്നിപ്പിക്കൽ സ്വരം വന്നത്. എന്നിട്ടും പ്രധാനമന്ത്രി ഇതിനെ അപലപിക്കാൻ തയ്യാറാകാതിരുന്നതും പ്രതിഷേധത്തിനിടയാക്കി.
കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
കേണൽ സോഫിയ ഖുറേഷിയെ "ഭീകരരുടെ സഹോദരി'യെന്ന് അധിക്ഷേപിച്ച ബിജെപി മന്ത്രി വിജയ് ഷായ്‌ക്കെതിരെ നാല് മണിക്കൂറിനുള്ളിൽ കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇരു വിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്‌ടിക്കൽ, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയും അപകടപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തണം. അപകടകരമായ പ്രവണതയാണിതെന്നും രാജ്യത്തിന്റെ സായുധസേനയെപ്പോലും അധിക്ഷേപിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയെന്നും ജസ്‌റ്റിസുമാരായ അതുൽ ശ്രീധരൻ, അനുരാധ ശുക്ല എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.









0 comments