ഷിൻഡേക്കെതിരെ കുണാൽ കമ്രയുടെ പരിഹാസം; ശിവസേനയുടെ അക്രമം: മുംബൈയിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോ അടച്ചുപൂട്ടി

HABITAT STUDIO
വെബ് ഡെസ്ക്

Published on Mar 24, 2025, 12:07 PM | 1 min read

മുംബൈ: സ്റ്റാൻഡ്-അപ്പ് കോമഡി ഷോകളുടെ പ്രിയപ്പെട്ട വേദിയായ മുംബൈയിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോ അടച്ചുപൂട്ടുന്നു. ശിവസേന നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയെ ഹാസ്യനടൻ കുണാൽ കമ്ര പരിഹസിച്ചുവെന്ന് ആരോപിച്ച് ഇന്നലെ രാത്രി ശിവസേന പ്രവർത്തകർ സ്റ്റുഡിയോ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.


നമ്മളെയും നമ്മുടെ സ്വത്തുക്കളെയും അപകടത്തിലാക്കാതെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഒരു പ്ലാറ്റ്‌ഫോം കണ്ടെത്തുന്നതുവരെ സ്റ്റുഡിയോ അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് ദി ഹാബിറ്റാറ്റ് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ കുറിച്ചത്.


മുംബൈയിലെ ഹാബിറ്റാറ്റിൽ നടന്ന കുണാൽ കമ്രയുടെ ​സ്റ്റാൻഡ് അപ്പ് കോമഡി പരിപാടിയിൽ ഏക്നാഥ് ഷിൻഡയെ പരിഹസിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. 1997 ലെ ബ്ലോക്ക്ബസ്റ്റർ ദിൽ തോ പാഗൽ ഹേയിലെ ജനപ്രിയ ഗാനമായ 'ഭോലി സി സൂറത്ത്' എന്ന ഗാനത്തിന്റെ പാരഡി പതിപ്പിലൂടെ ഷിൻഡെയെ പരിഹസിച്ചെന്നാണ് ആരോപണം. 2022 ൽ ഉദ്ധവ് താക്കറെയ്‌ക്കെതിരെ കലാപം നയിച്ച ശിവസേന നേതാവിനെ കുണാൽ 'ഗദ്ദാർ' (രാജ്യദ്രോഹി) എന്ന് പരിഹസിച്ചിരുന്നു.


സംഭവത്തിൽ മന്ത്രി പ്രതാപ് സർനായിക്ക് ഉൾപ്പെടെ ഉള്ളവരുടെ പരാതിയുടെ അടിസ്ഥാനമാക്കി നിരവധി എഫ്‌ഐആറുകൾ കുണാലിനെതിരെ ഫയൽ ചെയ്തിട്ടുണ്ട്.


HABITAT STUDIO


നിരന്തരമായി വേട്ടയാടപ്പെടുന്നതിൽ ഞങ്ങൾ ആശങ്കാകുലരും ദുഖിതരുമാണ്. ഓരോ അവതാരകരും പ്രകടിപ്പിക്കുന്ന ക്രിയാത്മക ചിന്തകൾക്കും അവതരണങ്ങൾക്കും അവർ മാത്രമാണ് ഉത്തരവാദി. ഒരു കലാകാരനും അവതരിപ്പിക്കുന്ന ഉള്ളടക്കത്തിൽ ഞങ്ങൾ ഒരിക്കലും ഇടപെട്ടിട്ടില്ല. പക്ഷേ, സമീപകാല സംഭവങ്ങളിലൂടെ, ഓരോ തവണയും ഞങ്ങളെ പ്രകടനം നടത്തുന്നയാളുടെ പ്രതിനിധിയെന്ന നിലയിൽ കാണുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഞങ്ങളെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നും അധികൃതർ ഇൻ​സ്റ്റ​ഗ്രാമിൽ കുറിച്ചു.


അടുത്തിടെ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' എന്ന യൂട്യൂബ് പരിപാടിയുടെ ഒരു എപിസോഡിന്റെ പേരിൽ സ്റ്റുഡിയോ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. യൂട്യൂബർ രൺവീർ അല്ലാബാദിയ നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.







deshabhimani section

Related News

View More
0 comments
Sort by

Home