മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: പാർലമെന്റിന് മുമ്പിൽ പ്രതിഷേധവുമായി ഇടതുപക്ഷ എംപിമാര്‍

parliament protest
വെബ് ഡെസ്ക്

Published on Jul 28, 2025, 04:07 PM | 1 min read

റായ്പൂര്‍ : ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെ ഇടതുപക്ഷ എംപിമാര്‍ പാർലമെന്റിന് മുമ്പിൽ പ്രതിഷേധിച്ചു. എംപിമാരായ വി ശിവദാസൻ, എ എ റഹിം, ജോൺ ബ്രിട്ടാസ്, കെ രാധാകൃഷ്ണൻ, സന്തോഷ് കുമാർ, ആർ സച്ചിദാനന്ദം എന്നിവരാണ് പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചത്. കൂടാതെ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസും നൽകി.


ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ചാണ് മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. ദുർഗ്‌ റെയിൽവേ സ്റ്റേഷനിൽ ബജ്‌രംഗ്‌ദൾ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമങ്ങൾക്കും ശേഷമാണ്‌ ഇവർക്കെതിരെ പൊലീസ്‌ കള്ളക്കേസ്‌ ചുമത്തിയത്‌.


മനുഷ്യക്കടത്ത്‌, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചേർത്ത്‌ കേസെടുത്ത പൊലീസ്‌ പ്രാഥമികാന്വേഷണം പോലും നടത്താൻ തയ്യാറാകാതെ ദുർഗിലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.


ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലിചെയ്യുന്ന ഇവർ രണ്ടു പെൺകുട്ടികൾക്കൊപ്പം എത്തിയപ്പോൾ ടിടിഇ തടയുകയായിരുന്നു. ഇയാൾ അറിയിച്ചതനുസരിച്ചാണ്‌ ബജ്‌രംഗ്‌ദൾ പ്രവർത്തകർ റെയിൽവെ സ്‌റ്റേഷനിലെത്തി ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമത്തിനും വിധേയരാക്കിയത്‌. പെൺകുട്ടികളുടെ സഹോദരൻ മതപരിവർത്തനമല്ലെന്നും ജോലിക്കായി പോകുകയാണെന്ന്‌ പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. മാതാപിതാക്കളുടെ സമ്മതപത്രം കാണിച്ചിട്ടും അതിക്രമം തുടർന്നു. ബജ്‌രംഗ്‌ദളുകാർ തന്നെയാണ്‌ കന്യാസ്‌ത്രീകളെ പൊലീസ്‌ സ്റ്റേഷനിലെത്തിച്ചത്‌.


സിസ്റ്റർ പ്രീതി മേരിയെ ഒന്നാം പ്രതിയും വന്ദന ഫ്രാൻസിസിനെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. പത്ത് വർഷം തടവ് ലഭിക്കാവുന്ന മനുഷ്യക്കടത്തും മതപരിവർത്തന കുറ്റവും ഇരുവർക്കുമെതിരെ ചുമത്തി. സുഖ്മാൻ മണ്ഡാവി എന്നയാളാണ് മൂന്നാം പ്രതി. അതേസമയം, ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾ ഇന്ന് ജാമ്യാപേക്ഷ നൽകില്ല.


കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞായറാഴ്ച കത്തയച്ചിരുന്നു. അറസ്റ്റിലായ കന്യാസ്ത്രീകളുടെ വീട്ടിലെത്തി മന്ത്രി പി രാജീവും റോഷി അ​ഗസ്റ്റിനും കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ചു. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിക്ക് കത്തയച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home