കേരള-യൂറോപ്യൻ യൂണിയൻ ബ്ലൂ ഇക്കോണമി കോൺക്ലേവ്: കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിനെ ക്ഷണിച്ചു

ന്യൂഡൽഹി: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരള-യൂറോപ്യൻ യൂണിയൻ ബ്ലൂ ഇക്കോണമി കോൺക്ലേവ് 2025 - “ബ്ലൂ ടൈഡ്സ്"ലേക്ക് കേന്ദ്രതുറമുഖ, ഷിപ്പിംഗ് - ജലപാത മന്ത്രി സർബാനന്ദ സോനോവാളിനെ ക്ഷണിച്ചു. സഫ്ദർജംഗ് റോഡിലെ റെസിഡൻഷ്യൽ ഓഫീസിൽ സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്, അഡീഷണൽ റസിഡൻ്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും പങ്കെടുത്തു.
സെപ്റ്റംബർ 18,19 തീയതികളിലായി കോവളം ദി ലീല റാവിസിലാണ് കോൺക്ലേവ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന കോൺക്ലേവിൽ ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവെ ഡെൽഫിന്റെ നേതൃത്വത്തിൽ നൂറോളം പേരടങ്ങുന്ന സംഘം പങ്കെടുക്കും. ഫെഡറേഷൻ ഓഫ് യൂറോപ്യൻ ബിസിനസ് ഇൻ ഇന്ത്യ പ്രതിനിധികളും സംസ്ഥാനത്തെ വ്യവസായ പ്രമുഖരും വിദഗ്ധരും വിവിധ പദ്ധതികളിൽ നിക്ഷേപത്തിന് താത്പര്യമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യവസായികളും ഉൾപ്പെടെ 750 ഓളം ക്ഷണിക്കപ്പെട്ട പ്രതിനിധികളാകും കോൺക്ലേവിനെത്തുക.









0 comments