ഇന്ത്യക്കാർക്ക് കൂടുതൽ വിസയില്ല : ബ്രിട്ടീഷ് പ്രധാനമന്ത്രി

ന്യൂഡൽഹി
സ്വതന്ത്രവ്യാപാര കരാർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്റ്റാമറിന്റെ നേതൃത്വത്തിലുള്ള 125 അംഗ സംഘം ഇന്ത്യയിൽ. രണ്ട് ദിവസമാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്റ്റാമറും വ്യാഴാഴ്‌ച കൂടിക്കാഴ്‌ച നടത്തും.
ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്ക് കൂടുതൽ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയുടെ ഭാഗമല്ലെന്ന് യാത്രാമധ്യേ സ്റ്റാമർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറോടെ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാറ്റമുണ്ടാവില്ല. എന്നാൽ, ഇന്ത്യയുമായുള്ള സഹകരണംവഴി കൂടുതൽ ബ്രീട്ടീഷ് പൗരർക്ക് തൊഴിൽ ലഭിക്കുന്നതിൽ തീരുമാനമുണ്ടാകുമെന്നും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിസ അനുവദിക്കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സംഘത്തിൽ സ്‌കോച്ച് വിസ്‌കി അസോസിയേഷൻ പ്രതിനിധികളുമുണ്ട്. ഇന്ത്യയിലേക്ക് കൂടുതൽ വിസ്‌കി കയറ്റി അയക്കുന്നതിലൂടെ ഒരു ബില്ല്യൺ പൗണ്ടിന്റെ വ്യാപാരവും ആയിരത്തിലധികം തൊഴിലവസരങ്ങളുമാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നത്. ബ്രിട്ടീഷ് ബിസിനസുകൾക്ക് ഇന്ത്യയിലുണ്ടാകുന്ന വളർച്ച ബ്രിട്ടീഷുകാർക്ക് വീട്ടിൽ കൂടുതൽ ജോലി ലഭിക്കുന്നത് പോലെയാണെന്ന് സ്റ്റാമർ എക്‌സിൽ കുറിച്ചു. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കാൻ തീരുമാനമായെന്ന് ബ്രിട്ടീഷ് എയർവെയ്‌സ് പ റഞ്ഞു.
വിദ്യാഭ്യാസം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, കാലാവസ്ഥ, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണവും കൂടിക്കാഴ്‌ചയിൽ ചർച്ചയാവും. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ആറാം പതിപ്പിൽ മോദിയും സ്റ്റാമറും പങ്കെടുക്കും.









0 comments