കീം: കേരള സിലബസുകാരുടെ ഹർജി നാളെ പരിഗണിക്കും

ന്യൂഡൽഹി: കേരള എൻജിനിയറിങ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പരീക്ഷയുടെ റാങ്ക്‌പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സിലബസ് വിദ്യാർഥികൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.
സംസ്ഥാനത്തിന് പ്രോസ്പെക്ടസിൽ എപ്പോൾ വേണമെങ്കിലും മാറ്റംവരുത്താൻ അധികാരമുണ്ടെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണൻ വാദിച്ചു. കേരളം വിദഗ്ധ സമിതിക്ക് രൂപം നൽകിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സംസ്ഥാന സിലബസുകാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വിശദമായ വാദം ബുധനാഴ്ച കേൾക്കാമെന്ന് കോടതി അറിയിച്ചു. പ്രവേശന നടപടികളെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
സർക്കാർ നടപ്പാക്കിയ ഫോർമുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടൽ ശരിയല്ലന്നും അപ്പീലിൽ സംസ്ഥാന സിലബസ് വിദ്യാർഥികൾ പറഞ്ഞിരുന്നു. സുപ്രീംകോടതി നിശ്ചയിച്ച പരിധിക്കപ്പുറത്തേയ്‌ക്ക് പോയ ഹൈക്കോടതി സ്വഭാവിക നീതി നിഷേധിച്ചുവെന്നും 15 വിദ്യാർഥികൾ ചേർന്നുനൽകിയ അപ്പീലിൽ പറയുന്നു.









0 comments