കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങളെ കാണാൻ വിജയ്

ചെന്നൈ: രാജ്യത്തെ നടുക്കിയ കരൂർ ദുരന്തം നടന്ന് ഒരു മാസത്തിനു ശേഷം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ കാണാൻ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. തിങ്കളാഴ്ച മഹാബലിപുരത്തുവച്ചാണ് വിജയ് കുടുംബാംഗങ്ങളെ കാണുന്നത്. സ്വകാര്യ റിസോർട്ടിലാണ് പരിപാടി. ടിവികെ റിസോർട്ടിൽ 50 മുറികൾ ബുക്ക് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മരിച്ചവരുടെ ബന്ധുക്കളെ ടിവികെ നേതാക്കളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകളിൽ ഇവിടേക്ക് എത്തിക്കും. ഓരോ കുടുംബത്തെയും വിജയ് നേരിൽ കണ്ട് സംസാരിക്കുമെന്നാണ് പാർടി നേതൃത്വം അറിയിക്കുന്നത്. സ്വകാര്യ പരിപാടിയിൽ മാധ്യമപ്രവർത്തകരെ അനുവദിക്കില്ലെന്നാണ് വിവരം.
സെപ്റ്റംബർ 27നാണ് കരൂരിലെ വേലുച്ചാമിപുരത്ത് ടിവികെയുടെ പ്രചാരണ പരിപാടിയിൽ ദുരന്തമുണ്ടായത്. വിജയ്‌യെ കാണാൻ ആളുകൾ തടിച്ചുകൂടിയതും ഏറെ നേരം കാത്ത് നിൽക്കേണ്ടി വന്നതുമാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. കരൂരിലെ തിക്കിലും തിരക്കിലും 41 പേരുടെ ജീവൻ നഷ്ടമായി. ദുരന്തം നടന്ന് ഒരു മാസത്തിന് ശേഷമാണ് വിജയ് ഇന്ന് കുടുംബാംഗങ്ങളെ കാണുന്നത്. കുടുംബങ്ങളുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തും.
വിജയ്‌യുടെ ഈ ആസൂത്രിത കൂടിക്കാഴ്ച ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ നേരിട്ട് കരൂർ സന്ദർശിക്കുന്നതിനുപകരം യാത്രയും താമസവും ഒരുക്കി വിജയ് കുടുംബങ്ങളെ വിളിച്ചുവരുത്തിയതിന് വലിയ വിമർശനമാണ് ഉയരുന്നത്.
എന്നാൽ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ വിജയ്ക്ക് അനുമതി ലഭിക്കാത്തതിനാലാണ് ഈ ക്രമീകരണമെന്ന് ടിവികെ പറഞ്ഞു. നിലവിൽ, മഹാബലിപുരത്തേക്ക് പോകുന്ന സംഘത്തിൽ കരൂർ ദുരന്തത്തിൽ പരിക്കേറ്റവർ ഉണ്ടാകില്ലെന്നാണ് വിവരം.









0 comments