കരൂർ ദുരന്തം: സിബിഐ അന്വേഷണത്തിന് ഉത്തരവിവിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിവിട്ട് സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനും നീതിയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുമായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. വിരമിച്ച ജഡ്ജി അന്വേഷണത്തിന് നേതൃത്വം വഹിക്കും. ടിവികെയുടെ ഹർജിയിലാണ് നടപടി.
കോടതിയുടെ മേൽന്നോട്ടത്തിലാകും സിബിഐ അന്വേഷണം നടക്കുക. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് റസ്തഗി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അന്വേഷണം നിരീക്ഷിക്കും. മറ്റ് രമ്ട് പേര്‍ ഐപിഎസ് ഉദ്യോഗസ്ഥരായിരിക്കും. നിഷ്പക്ഷമായ ഒരു അന്വേഷണം ജനങ്ങളുടെ അവകാശമാണ് അത് കോടതിയ്ക്ക് ഉറപ്പാക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
സെപ്റ്റംബർ 27 നാണ് കരൂരിൽ തമിഴക വെട്രി കഴകം സ്ഥപകനും നടനുമായ വിജയ് പങ്കെടുത്ത പ്രചാരണ പരിപാടിക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്. ഉച്ചയ്ക്ക് എത്തുമെന്ന് പറഞ്ഞിരുന്ന വിജയ് എത്തിയത് വൈകുന്നേരം ഏഴു മണിക്കാണ്. അത്രയും സമയം വെള്ളവും ഭകഷണവുമില്ലാതെ ജനങ്ങൾ കാത്തുനിന്നതും അവരുടെ ആരോഗ്യനില വഷളാക്കി.
വിജയ് എത്തിയപ്പോഴുണ്ടായ തിക്കും തിരക്കുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. എന്നാൽ സംഭവശേഷം വിജയ് ചെന്നൈയിലേക്ക് പോയത് വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കളെയോ പരിക്കേറ്റവരെയോ സന്ദർശിക്കാൻ വിജയ് കൂട്ടാക്കിയില്ല എന്ന വിമർശനവും ഉയർന്നിരുന്നു.
അതേസമയം, സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് വിജയ് സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. സത്യം ജനങ്ങൾക്ക് അറിയാം എന്നും തന്നെ എന്ത് ചെയ്താലും തന്റെ അണികളെ ഒന്നും ചെയ്യരുതെന്നുമാണ് അന്ന് വിജയ് വിഡിയോയിൽ പറഞ്ഞത്.









0 comments