കരൂർ ദുരന്തം: 'നേതാവ് ഒളിച്ചോടി'; വിജയ്ക്കും ടിവികെയ്ക്കും മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴക(ടിവികെ)ത്തിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ദുരന്ത ശേഷം നേതാവ് ഒളിച്ചോടിയെന്ന് പറഞ്ഞ മദ്രാസ് ഹൈക്കോടതി ടിവികെ അധ്യക്ഷൻ വിജയ്‍യെയും രൂക്ഷമായി വിമർശിച്ചു. സംഘാടകർ എന്ന നിലയിൽ ടിവികെ നേതാക്കൾക്ക് ഉത്തരവാദിത്തമില്ലേ? എന്ന് ടിവികെയോട് കോടതി ആരാഞ്ഞു. ജില്ലാ നേതാക്കളായിരുന്നു പരിപാടിയുടെ സംഘാടകരെന്നും ഡിഎംകെയുടെ പരിപാടിയിൽ ഇത്തരം അപകടം ഉണ്ടായാൽ പാർടി സെക്രട്ടറിയെ അറസ്റ്റ് ചെയ്യുമോ എന്നുമായിരുന്നു ചോദ്യത്തിനോടുള്ള ടിവികെ നേതാക്കളുടെ വിചിത്ര മറുപടി.
ടിവികെ നേതാക്കളുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദിന്റെയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി ടി നിർമൽ കുമാറിന്റെയും ജാമ്യാപേക്ഷയാണ് വിധി പറയാൻ മാറ്റിയത്. പരിപാടിക്ക് സ്ഥലം അനുവദിച്ചത് പൊലീസ് ആണെന്നും തങ്ങളുടെ മേൽ കള്ളക്കേസ് ചുമത്തിയെന്നുമാണ് ടിവികെയുടെ വാദം. സ്ഥലത്ത് ഗുണ്ടകൾ നുഴഞ്ഞുയറി. പൊലീസ് ലാത്തി വീശി. പ്രദേശത്ത് പ്രശ്നമുണ്ടാക്കിയത് പൊലീസ് ആണെന്നും ടിവികെ പറയുന്നു.
അതേസമയം, ടിവികെ നേതാക്കളുടെ വാദം അടിസ്ഥാന രഹിതമാണെന്ന് തമിഴ്നാട് സർക്കാർ പറഞ്ഞു. ടിവികെ നേതാക്കളുടെ നിർദേശപ്രകാരമാണ് 12ഓടെ ജനങ്ങൾ കരൂരിലെ വേലുച്ചാമിപുരത്ത് എത്തിയത്. വിജയ് നിർദേശം ലംഘിച്ച് റോഡ് ഷോ നടത്തുകയായിരുന്നു. ജനങ്ങളെ നിയന്ത്രിക്കാൻ പാർടി ജനറൽ സെക്രട്ടറി നിർമൽകുമാർ ശ്രമിച്ചില്ലെന്നും തമിഴ്നാട് സർക്കാർ കോടതിയിൽ അറിയിച്ചു.
എന്തുകൊണ്ടാണ് പൊലീസ് സ്വമേധയാ കേസെടുക്കാതിരുന്നതെന്നും തുടർ നടപടികൾക്ക് എന്താണ് തടസമെന്നും കോടതി ആരാഞ്ഞു. പൊലീസ് നടപടി അപര്യാപ്തമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ചെന്നൈ ബെഞ്ച് പറഞ്ഞു. രണ്ട് പേരെ അറസ്റ്റ് ചെയ്തതല്ലാതെ എന്താണ് ചെയ്തതെന്നും, പൊലീസ് നിസംഗതയിൽ ആശ്ചര്യമെന്നും കോടതി വ്യക്തമാക്കി.







0 comments