അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കും: ഉദയനിധി സ്റ്റാലിൻ

udhayanithi

കരൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്ന ഉദയനിധി സ്റ്റാലിന്‍

വെബ് ഡെസ്ക്

Published on Sep 28, 2025, 11:58 AM | 1 min read

ചെന്നൈ : കരൂരിലെ ദാരുണമായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വന്നതിനു ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. അനിയന്ത്രിത ജനക്കൂട്ടം എത്തുമ്പോൾ നേതാക്കൾ കൃത്യസമയത്ത് എത്തിച്ചേരണം. ആൾക്കൂട്ടം പരിപാടിക്കായി എത്തുമ്പോൾ കൃത്യമായി കാര്യങ്ങൾ ചെയ്യേണ്ടത് പ്രസ്തുത നേതാവാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. കരൂരിൽ ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉദയനിധി.


ഇത്തരം സംഭവം ഇനി ഒരിക്കലും ആവർത്തിക്കരുത്. അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. ജസ്റ്റിസ് അരുണ ജ​ഗദീഷിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ കമീഷനെ അന്വേഷണത്തിനായി നിയോ​ഗിച്ചിട്ടുണ്ട്. അവർ ഉച്ചയോടെ കരൂരിലെത്തി ചികിത്സയിലുള്ളവരെയും മരിച്ചവരുടെ ബന്ധുക്കളെയും കാണും. തുടർന്ന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക. പരിക്കേറ്റവർക്ക് എല്ലാ വിധ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. എത്ര പേർ പരിപാടിക്ക് വരുമെന്നാണ് അറിയിച്ചിരുന്നതെന്നതിന്റെയും എത്ര പേർ വന്നു എന്നതിന്റെയും കണക്കുകൾ പുറത്തുവന്നിട്ടുണ്ട്.


മരിച്ച 39 പേരിൽ 17 പേർ സ്ത്രീകളാണ്. 13 പുരുഷൻമാരും 4 ആൺകുട്ടികളും 5 പെൺകുട്ടികളുമടക്കം 9 കുട്ടികളും മരിച്ചവരിലുണ്ട്. മരിച്ചവരിൽ 32 പേർ കരൂരിൽ നിന്നുള്ളവരാണ്. ഈറോഡ് നിന്ന് രണ്ടുപേരും തിരുപ്പൂർ നിന്നുള്ള രണ്ടു പേരും ദിണ്ടി​ഗലിൽ നിന്ന് രണ്ട് പേരും സേലത്തു നിന്നുള്ള ഒരാളും മരിച്ചവരിൽ ഉൾപ്പെടുന്നു. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.


സേലം, മഥുര, നാമക്കൽ, ദിണ്ടി​ഗൽ, കോയമ്പത്തൂർ, ട്രിച്ചി, പുതുക്കോട്ടെ, കോവൈ എന്നിവിടങ്ങളിൽ നിന്നടക്കം ആകെ 345 ഡോക്ടർമാരും നഴ്സുമാരും കരൂരിൽ സേവനത്തിനുണ്ട്. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും മെഡിക്കൽ സംഘത്തിനും പൂർണ്ണ സഹകരണം നൽകണമെന്നും ഉദയനിധി പറഞ്ഞു. അനിയന്ത്രിത ജനക്കൂട്ടം എത്തുമ്പോൾ നേതാക്കൾ അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യണം. പൊലീസ് പറയുന്ന നിർദേശങ്ങൾ അം​ഗീകരിക്കണമെന്നും ഉദയ നിധി സ്റ്റാലിൻ പറഞ്ഞു. മുഖ്യമന്ത്രി എം കെ സ്റ്റാലിനും കരൂരിലെത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home