കരൂർ ദുരന്തം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ചെന്നൈ: കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട് നോർത്ത് സോൺ ഐജി അസ്ര ഗാർഗിനെ എസ്‌ഐടിയുടെ തലവനായി നിയമിച്ചു. അന്വേഷണം ഉടൻ ആരംഭിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എൻ സെന്തിൽകുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
രാഷ്ട്രീയ പാർടികളുടെ റോഡ് ഷോകൾക്ക് അനുമതി നൽകരുതെന്നും ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി പി എച്ച് ദിനേശ് സമർപ്പിച്ച ഹർജി തീർപ്പാക്കി. ഇത്തരം പരിപാടികൾ നിയന്ത്രിക്കുന്നതിന് ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) രൂപീകരിക്കുന്നതുവരെ രാഷ്ട്രീയ പാർടികളുടെ റോഡ് ഷോകൾക്ക് അനുമതി നൽകരുതെന്നും ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
സെപ്തംബർ 27 ന് കരൂരിലെ വേലുച്ചാമിപുരത്ത് ടിവികെ നേതാവും നടനുമായ വിജയ് പങ്കെടുത്ത റോഡ് ഷോയ്ക്കിടെ 41 പേരാണ് മരിച്ചത്. ദുരന്തം സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ മുഴുവൻ നടുക്കിയെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. പരിപാടിയുടെ വ്യവസ്ഥകൾ ലംഘിച്ചതിന് ടിവികെ നേതൃത്വത്തെയും വിജയ്‌യെയും കോടതി ശക്തമായി വിമർശിച്ചു.
"ജനങ്ങൾ അപകടത്തിലാകുമ്പോൾ അവരെ രക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്; കുട്ടികളും സ്ത്രീകളും ദുരന്തത്തിൽ മരിച്ചു. പക്ഷേ ടിവികെയുടെ ഭാഗത്തുനിന്ന് ഒരു പശ്ചാത്താപവുമില്ല. ദുരന്തം നടന്നതിന് പിന്നാലെ ടിവികെ നേതാവ് വിജയ് പ്രദേശത്ത് നിന്നും അപ്രത്യക്ഷനായി. കോടതിക്ക് കണ്ണടയ്ക്കാനോ കാഴ്ചക്കാരായി ഇരിക്കാനോ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനോ കഴിയില്ല. കോടതിക്ക് പൊതുജനങ്ങളോട് ഉത്തരവാദിത്തമുണ്ട്"- മദ്രാസ് ഹൈക്കോടതി പറഞ്ഞു.







0 comments