തിക്കിലും തിരക്കിലും ഈ വർഷം എട്ട് ദുരന്തങ്ങൾ
ദുരന്തം, നിയന്ത്രണങ്ങൾ പാലിക്കാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച് രണ്ടാമത്തെ ദിവസം

ചെന്നൈ: വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം (ടിവികെ) തങ്ങളുടെ പ്രചാരണ പരിപാടികൾക്ക് അനുമതി നൽകുന്നതിൽ വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കവെ പൊതുയോഗങ്ങൾ, ജാഥകൾ തുടങ്ങിയവ നടത്താൻ ഉദ്ദേശിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മറ്റ് സംഘടനകൾക്കും അസോസിയേഷനുകൾക്കും ബാധകമാക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് എൻ. സതീഷ് കുമാർ ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് കോടതി ഹർജി പരിഗണിച്ചത്. ശനിയാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച അപ്രതീക്ഷിത ദുരന്തം.
സമ്മേളനങ്ങൾക്കിടെ പൊതു/സ്വകാര്യ സ്വത്തുക്കൾക്കും പൊതു മുതലിനും നാശനഷ്ടങ്ങളുണ്ടായ വിവിധ സംഭവങ്ങൾ കണക്കിലെടുത്ത് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നവരിൽ നിന്നും കരുതൽ ധനം ഈടാക്കുന്നത് പരിഗണിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാൻ പ്രത്യേക നിർദേശമുണ്ടായിരുന്നു.
നിയന്ത്രണം മറികടക്കാൻ സഞ്ചരിക്കുന്ന സ്റ്റേജ്
ടിവികെയുടെ പരിപാടികൾക്ക് മാത്രം പോലീസ് കടുത്ത വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്നുവെന്നായിരുന്നു പാർട്ടിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി രാഘവാചാരി ബോധിപ്പിച്ചത്. സെപ്റ്റംബർ 13-ന് വിജയ് നയിച്ച പ്രചാരണ പരിപാടിക്ക് തൃച്ചി പോലീസ് 23 വ്യവസ്ഥകൾ ഏർപ്പെടുത്തി.
ഗർഭിണികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നത് വിലക്കി. ഇതിനെതിരെ, മറ്റ് പാർട്ടികളോട് ഉദാരമായ സമീപനം സ്വീകരിക്കുന്ന പോലീസ്, ടിവികെയോട് മാത്രം വിവേചനപരവും കഠിനവുമായ വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്നത് തുടരുകയാണെന്നും അഭിഭാഷകൻ കോടതിയിൽ പരാതിപ്പെട്ടു.
പോലീസും പാർട്ടി സ്വമേധയായും മുന്നോട്ടുവെച്ച നിയന്ത്രണളൊക്കെ വിഫലമായതാണ് ശനിയാഴ്ച വൻ ദുരന്തത്തിൽ കലാശിച്ചത്. ഉച്ചയ്ക്ക് 2. 30 ന് അനുമതി നൽകിയ പരിപാടിയിൽ വൈകുന്നേരം 7.30 നാണ് വിജയ് എത്തിയത്. ഈ സമയം ആയതിനാൽ കൂടുതൽ പേർ എത്തി. 10,000 പേർ എന്നത് അഞ്ചിരട്ടിയായി. കാത്തിരുന്ന് മുഷിഞ്ഞ ജനങ്ങളുടെ അക്ഷമയും താരത്തെ കണ്ടുള്ള ആവേശവും ഒത്തു ചേർന്നു.

ഒരു സിനിമാ താരമെന്ന നിലയിൽ വിജയ്‌യെ കാണാൻ ധാരാളം പേർ എത്തുമെന്നും ഇത്തരം ആൾക്കൂട്ടം അപകടമുണ്ടാക്കുമെന്നും ഉറപ്പായിരുന്നു. ഇതിന് തുടർച്ചയായാണ് സർക്കാർ പോലീസിനോട് കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം നൽകിയത്. റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചതിനാൽ പ്രത്യേകം ഒരുക്കിയ ബസിലായിരുന്നു വിജയ് പൊതു സമ്മേളനം ക്രമീകരിച്ചിരുന്നത്. ഫലത്തിൽ നിയന്ത്രണം മറികടക്കാൻ അപകടകരമായി മാറാവുന്ന ബദൽ മാർഗ്ഗം സ്വീകരിച്ചു.
ഇതുവരെ 39 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 95 പേർ ചികിത്സയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരിൽ ഒന്നര വയസുള്ള കുഞ്ഞും രണ്ട് ഗർഭിണികളും ഉൾപ്പെടുന്നു. ആകെ 17 സ്ത്രീകൾ മരിച്ചു. ഒമ്പത് കുട്ടികൾക്കും ജീവൻ നഷ്ടപ്പെട്ടു. നാല് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും.
മരിച്ചവരിൽ 32 പേർ കരൂരിൽ നിന്നും രണ്ട് പേർ ഈറോഡ് സ്വദേശികളുമാണ്. രണ്ട് പേർ തിരുപ്പൂർ സ്വദേശകളും, രണ്ട് പേർ ദിണ്ടിഗൽ സ്വദേശികളും, ഒരാൾ സേലം സ്വദേശിയുമാണ് എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
1992 ൽ തമിഴ്നാട്ടിലെ കുംഭകോണത്ത് സമാനമായ ദുരന്തം ഉണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രിയായ ജയലളിതയുടെ പരിപാടിയിൽ പങ്കെടുക്കാനിരുന്ന 50 പേരാണ് മരിച്ചത്.
ആൾക്കൂട്ട ദുരന്തങ്ങൾ ആവർത്തിക്കുന്നു
ഈ വർഷം മാത്രം ഇതുവരെ ഇത്തരത്തിലുള്ള എട്ട് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 39 പേരുടെ മരണത്തിനിടയാക്കിയ നടൻ വിജയ്‌യുടെ റാലിയ്ക്കിടയിലെ ദുരന്തമാണ് ഈ പട്ടികയിൽ ഏറ്റവും ഒടുവിലത്തേതാണ്.
2025 ജനുവരി എട്ടിന് തിരുപ്പതി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെ തിക്കിലും തിരക്കിലും ആറ് പേർ മരിച്ചു. ഇതിൽ മൂന്ന് പേർ സ്ത്രീകളായിരുന്നു. 12 പേർക്കാണ് ദുരന്തത്തിൽ പരിക്കേറ്റത്.
കുഭമേളയിൽ ഇരട്ട പ്രഹരം
ജനുവരി 29-ന് ഉത്തർ പ്രദേശിൽ മഹാകുംഭ മേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിച്ചിരുന്നു. 90 പേർക്കാണ് ദുരന്തത്തിൽ പരിക്കേറ്റത്. ഫെബ്രുവരിയിൽ മഹാകുംഭമേളയ്ക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ 18പേർ മരിച്ചിരുന്നു. 18 പേർക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്.
കഴിഞ്ഞ മേയ് മൂന്നിന് ഗോല ഷിർഗാവ് ദേവി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ആറ് പേർ മരിച്ചിരുന്നു. ദുരന്തത്തിൽ എഴുപതിലധികം ആളുകൾക്കാണ് പരിക്കേറ്റത്.
ജൂൺ നാലിന് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കന്നി ഐപിഎൽ കിരീടത്തിന്റെ വിജയാഘോഷത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും 37 പേർക്കാണ് ജീവൻ നഷ്ടമായത്. 100-ലേറെ പേർക്കാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ ദുരന്തത്തിൽ പരിക്കേറ്റത്.
ജൂൺ 29-ന് ഒഡീഷയിൽ പൂരി ജഗനാഥ ക്ഷേത്രത്തിന് സമീപമുള്ള ദേവി ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചിരുന്നു. അൻപത് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ജൂലൈ 27-ന് ഹരിദ്വാറിലെ മാനസദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചിരുന്നു. 28 പേർക്ക്് അപകടത്തിൽ പരിക്കേറ്റു.







0 comments