ധർമ്മസ്ഥല കേസിൽ വഴിത്തിരിവ്; എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാർ

ബംഗളുരു: ധർമ്മസ്ഥല ക്ഷേത്രത്തിനടുത്ത് നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാർ. കേസിൽ ആദ്യം പരാതി നൽകിയ സാമൂഹ്യ പ്രവർത്തകർ തന്നെയാണ് തങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചു.
പരാതി നൽകിയവരിൽ പ്രധാനികളായ ഗിരീഷ് മത്തേണ്ണവർ, തിമ്മരോഡി, ജയന്ത് ടി. എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തങ്ങൾക്ക് നൽകിയ നോട്ടീസ് റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിലവിൽ സിറ്റ് അന്വേഷണം തുടരുന്നതിനിടയിലാണ് പരാതിക്കാരുടെ ഈ നീക്കം.
തങ്ങളുടെ മുൻ അവകാശവാദങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്നും കേസിനെക്കുറിച്ച് വലിയ തെറ്റിദ്ധാരണ പരക്കുന്നുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയതായി സൂചനയുണ്ട്. 1992 മുതൽ 2014 വരെ നൂറിൽപ്പരം പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താൻ മറവുചെയ്‌തെന്ന ഒരു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ധർമ്മസ്ഥലയിൽ അന്വേഷണം ആരംഭിച്ചത്.
മൃതദേഹം കുഴിച്ചിടുന്നത് നേരിട്ട് കണ്ടെന്ന വെളിപ്പെടുത്തലുമായി പ്രദേശവാസിയായ വീട്ടമ്മ പ്രത്യേക അന്വേഷണസംഘത്തെ സമീപിച്ചിരുന്നു. കൊലപാതക പരമ്പരയിൽ നേത്രാവതി സ്നാനഘട്ടിനു സമീപം രേഖപ്പെടുത്തിയ 13–ാമത് സ്പോട്ടിൽ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നും മൊഴി ലഭിച്ചിരുന്നു.









0 comments