അഴിമതിയിൽ മുങ്ങി കർണാടക കോൺഗ്രസ്‌ സർക്കാർ

karnataka congress scam
avatar
അനീഷ് ബാലൻ

Published on Jul 01, 2025, 04:27 AM | 1 min read


മംഗളൂരു

അടിമുടി അഴിമതിയാരോപണത്തിൽ വലഞ്ഞ്‌ കർണാടകത്തിലെ കോൺഗ്രസ്‌ സർക്കാർ. സിദ്ധരാമയ്യയെ മാറ്റി ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ അണിയറയില്‍ നീക്കം തുടരുന്നതിനിടെ കോണ്‍​​ഗ്രസ് നേതാക്കള്‍തന്നെ സര്‍ക്കാരിനെതിരെ പരസ്യമായി രം​ഗത്തുവരുന്നു.


വീടിന്‌ കോഴ

രാജീവ് ഗാന്ധി ഹൗസിങ്‌ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ വീട് അനുവദിക്കുന്നതിൽ വന്‍ അഴിമതിയുണ്ടെന്ന് കോൺഗ്രസ് എംഎൽഎയും സംസ്ഥാന നയ- ആസൂത്രണ കമീഷൻ ഡെപ്യൂട്ടി ചെയർമാനുമായ ബി ആർ പാട്ടീൽ രംഗത്തുവന്നു. ഭവന, ന്യൂനപക്ഷ ക്ഷേമമന്ത്രി സമീർ അഹമ്മദ് ഖാന്റെ പ്രൈവറ്റ് സെക്രട്ടറി സർഫറാസ് ഖാനോട്‌ അഴിമതിയെക്കുറിച്ച് പാട്ടീല്‍ തുറന്നു സംസാരിക്കുന്ന സംഭാഷണവും പുറത്തുവന്നു.


അഴിമതിയാരോപണത്തിൽ ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ മുൻ എംഎൽഎ സുഭാഷ് ഗുട്ടേദാർ രംഗത്ത്‌ എത്തി. ശരിയായ അന്വേഷണം നടന്നാൽ ഏജന്റുമാർ വഴി പണം സ്വരൂപിക്കുന്ന ആർ കെ പാട്ടീൽ (ബി ആർ പാട്ടീലിന്റെ അനന്തരവൻ) കുടുങ്ങുമെന്നും ഗുട്ടേദാർ ആരോപിച്ചു.


മുഡ അഴിമതി

മൂവായിരം കോടിയുടെ "മുഡ' ഭൂമി കുംഭകോണ കേസില്‍ കോടതി നിർദേശപ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പ്രോസിക്യൂഷൻ ആരംഭിച്ചു. സിദ്ധരാമയ്യയുടെ ബന്ധുക്കളുടെ പേരിലുള്ള ഭൂമി ന​ഗരവികസനത്തിന് വിട്ടുകൊടുത്തതിന് പകരം പതിന്മടങ്ങ് മൂല്യമുള്ള ന​ഗരമധ്യത്തിലെ ഭൂമി അനുവദിച്ചെന്നാണ് കേസ്.


● വാല‍്മീകി 
കോർപ്പറേഷൻ അഴിമതി

മഹർഷി വാല‍്മീകി പട്ടികവർഗ വികസന കോർപ്പറേഷനിൽ 183 കോടി തിരിമറി നടത്തിയ കേസിൽ ആരോപണ വിധേയനായ കർണാടക മന്ത്രി ബി നാഗേന്ദ്രക്ക് രാജിവയ്‌ക്കേണ്ടിവന്നു. കോർപ്പറേഷനിലെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖരൻ കുംഭകോണം സംബന്ധിച്ച്‌ മന്ത്രിയുടെ ഉൾപ്പെടെ പേര്‌ പരാമർശിച്ച്‌ കുറിപ്പ്‌ എഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലും വൻ അഴിമതി നടക്കുന്നതായി കോണ്‍​ഗ്രസ് നേതാക്കള്‍ തന്നെ ആരോപിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home