‘കെെയിൽ പണമോ, മന്ത്രി പദവിയോ ഇല്ല’; ഹിമാചൽ പ്രളയത്തിൽ ജനങ്ങളെ കൈവിട്ട് കങ്കണ

PHOTO: Facebook
ഷിംല: മേഘ വിസ്‌ഫോടനത്തിലും കനത്ത മഴയിലും വിറങ്ങലിച്ച് നിൽക്കുന്ന ഹിമാചൽ പ്രദേശിലെ ജനങ്ങളെ കൈവിട്ട് സംസ്ഥാനത്തെ ബിജെപി എംപി കങ്കണ റണാവത്ത്. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ എന്റെ കെെയിൽ പണമോ, മന്ത്രി പദവിയോ ഇല്ലെന്നാണ് എംപിയും നടിയുമായ കങ്കണയുടെ വാദം. സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷമായിരുന്നു കങ്കണയുടെ പ്രസ്‌താവന.
മണ്ഡി ലോക്‌സഭ മണ്ഡലത്തിൽ നിന്നുള്ള എംപിയായ കങ്കണ റണാവത്തിന്റെ പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഹിമാചൽ പ്രദേശ് സംസ്ഥാന സർക്കാരും നടിയുടെ പ്രസ്‌താവനയ്‌ക്കെതിരെ രംഗത്തെത്തി. ഉത്തരവാദിത്തമില്ലാത്തവരിൽ നിന്ന് എനിക്ക് ഉപദേശം വേണ്ട എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വിമർശനത്തിന് എംപിയുടെ മറുപടി.
പ്രളയസമയത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കൃത്യമായി പ്രവർത്തിച്ചില്ലെന്നും കങ്കണ വാദമുയർത്തി. ദുരന്തത്തിന് ഇരയായവരുടെ വേദനയെ ‘പരിഹസിക്കുന്ന’ പ്രസ്‌താവന എന്നാണ് കങ്കണയുടെ പ്രസ്‌താവനകളെ കോൺഗ്രസ് വിശേഷിപ്പിച്ചത്.
കനത്ത മഴയേയും മേഘ വിസ്‌ഫോടനത്തെയും തുടർന്ന് നിലവിൽ മണ്ഡി ജില്ലയിൽ മാത്രം വിവിധ പ്രദേശങ്ങളിലായി നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 30ലധികം പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പ്രളയത്തിൽ 78 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.









0 comments