കങ്കണ മാപ്പ് പറഞ്ഞു; 5 വർഷത്തിന് ശേഷം നിയമപോരാട്ടത്തിൽ നിന്ന് പിന്മാറി ജാവേദ് അക്തർ

kanknajaved
വെബ് ഡെസ്ക്

Published on Feb 28, 2025, 09:03 PM | 1 min read

മുംബൈ: അഞ്ച് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നടിയും എംപിയുമായ കങ്കണ റണാവത്തും, ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറും തങ്ങളുടെ മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കാൻ ധാരണയായി. ജാവേദിനൊപ്പം നിൽക്കുന്ന ചിത്രം കങ്കണ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വക്കുകയും ചെയ്തു.


ഇന്ന് ജാവേദ് ജിയും ഞാനും ഞങ്ങളുടെ നിയമപരമായ പ്രശ്നങ്ങൾ (മാനനഷ്ടക്കേസ്) മധ്യസ്ഥതയിലൂടെ പരിഹരിച്ചു. മധ്യസ്ഥ ചർച്ചയിൽ ജാവേദ് ജി വളരെയധികം ദയ കാണിച്ചു. എൻ്റെ അടുത്ത സംവിധാന സംരംഭത്തിൽ അദ്ദേഹം പാട്ടുകൾ എഴുതാൻ സമ്മതിച്ചതായും കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതി.


2020ൽ നടൻ സുശാന്ത് സിംഗ് രാജ്പുതിൻ്റെ മരണശേഷം കങ്കണ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖമാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധത്തിലേക്ക് നയിച്ചത്. സഹനടൻ ഹൃത്വിക് റോഷനോട് മാപ്പ് പറയാൻ ജാവേദ് തന്നോട് ആവശ്യപ്പെട്ടതായി കങ്കണ ആരോപിച്ചിരുന്നു, 2016 ൽ അവരുടെ ബന്ധത്തെക്കുറിച്ചുള്ള പരസ്യമായ തർക്കത്തെത്തുടർന്ന് കങ്കണ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഹൃത്വിക് കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസ് പിൻവലിക്കാൻ ജാവേദ് തന്നെ നിർബ​ന്ധിച്ചു എന്നായിരുന്നു കങ്കണയുടെ ആരോപണം.


“ഒരിക്കൽ ജാവേദ് അക്തർ എന്നെ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് വിളിച്ച് എന്നോട് പറഞ്ഞു രാകേഷ് റോഷനും (ഹൃത്വിക് റോഷൻ്റെ അച്ഛൻ) അദ്ദേഹത്തിൻ്റെ കുടുംബവും വളരെ വലിയ ആളുകളാണ്. അവരോട് ക്ഷമാപണം നടത്തിയില്ലെങ്കിൽ നിങ്ങൾക്ക് പോകാൻ ഒരിടവുമില്ല. അവർ നിങ്ങളെ ജയിലിൽ അടയ്ക്കും, ഒടുവിൽ, നാശത്തിൻ്റെ വഴി മാത്രമായിരിക്കും... നിങ്ങൾ ആത്മഹത്യ ചെയ്യും. ഇതായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. ഇത് പറഞ്ഞ് അദ്ദേഹം എനിക്കു നേരെ അലറി വിളിച്ചു. ആ വീട്ടിൽ പേടിച്ച് വിറക്കുകയായിരുന്നു." എന്നായിരുന്നു കങ്കണ വാർത്താ ചാനലിനോട് പറഞ്ഞത്.


എന്നാൽ കങ്കണ പറഞ്ഞത് പച്ചക്കള്ളമാണെന്ന് പറഞ്ഞ ജാവേദ് അവർക്കെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തു. "അഭിമുഖത്തിൽ കങ്കണ പറഞ്ഞതെല്ലാം കള്ളമാണ്, നുണയല്ലാതെ മറ്റൊന്നുമല്ല" എന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. 5 വർഷമായി ഈ പോരാട്ടം തുടരുന്നു. ഇതിനാണ് അവസാനമായിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home