ഒടുവിൽ ഖേദപ്രകടനം; മാനനഷ്ടക്കേസിൽ കങ്കണ റണാവത്തിന് ജാമ്യം

ബട്ടിൻഡ: കർഷക സമരത്തിൽ പങ്കെടുത്ത മുതിർന്ന വനിതാ നേതാവിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കങ്കണ റണാവത്തിന് ജാമ്യം. പഞ്ചാബിലെ ബട്ടിൻഡ കോടതിയാണ് ജാമ്യം അനുവദിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നടത്തിയ അപകീർത്തിപ്പെടുത്തുന്ന പരാമർശം തെറ്റിദ്ധാരണ ആയിരുന്നു എന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും ബിജെപി എംപിയും നടിയുമായ കങ്കണ പറഞ്ഞു.
തനിക്ക് എല്ലാ മാതാക്കളെയും ബഹുമാനമാണെന്നും കോടതിയിൽ കങ്കണ പറഞ്ഞു. 2021-ൽ നടന്ന കർഷക സമരത്തിനിടെ ബട്ടിൻഡയിലെ ബഹദൂർഗഡ് ജാണ്ഡിയൻ ഗ്രാമത്തിൽ നിന്നുള്ള 73-കാരി മഹീന്ദർ കൗറിനെതിരെ കങ്കണ റണാവത്ത് നടത്തിയ സോഷ്യൽ മീഡിയാ റീട്വീറ്റാണ് കേസിന് ആധാരം. ഷഹീൻ ബാഗ് സമരത്തിലെ ബിൽക്കിസ് ബാനുവുമായി താരതമ്യം ചെയ്താണ് കങ്കണ മഹീന്ദർ കൗറിനെ അപമാനിച്ചത്.
ഒക്ടോബർ 27-ന് കോടതിയിൽ നേരിട്ട് ഹാജരായ കങ്കണയെ പിതാവ് നൽകിയ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യത്തിൽ വിട്ടത്. കോടതിയിൽ സംസാരിച്ച കങ്കണ, താൻ ഒരു വ്യക്തിയെയും ലക്ഷ്യം വെച്ച് പോസ്റ്റിട്ടിട്ടില്ലെന്നും റീട്വീറ്റ് ഒരു 'മീം' ആയിട്ടാണ് ഉപയോഗിക്കപ്പെട്ടതെന്നും പറഞ്ഞു. "മഹീന്ദർ ജിയുടെ കുടുംബവുമായി ഉണ്ടായ തെറ്റിദ്ധാരണയിൽ ഞാൻ ഖേദിക്കുന്നു.
പഞ്ചാബിൽ നിന്നോ ഹിമാചലിൽ നിന്നോ ആകട്ടെ, ഓരോ 'മാതാവും' എനിക്ക് ബഹുമാനപ്പെട്ടവരാണ് എന്നും കങ്കണ പറഞ്ഞു. എന്നാൽ മാപ്പ് പറയാൻ തയാറാണോ എന്ന കോടതിയുടെ ചോദ്യത്തിനോട് അനുകൂല മറുപടിയല്ല കങ്കണ നൽകിയത്. ഇത് പ്രതിപക്ഷകക്ഷികൾക്കിടയിൽ ചർച്ചയ്ക്ക് വഴിതെളിച്ചിട്ടുണ്ട്.
കേസ് നവംബർ 24-ന് വീണ്ടും പരിഗണിക്കും. കങ്കണ റണാവത്തിനെതിരായ പരാതി റദ്ദാക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് അവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് സാധാരണ റീട്വീറ്റ് അല്ലെന്നും കങ്കണ അതിൽ 'മസാല ചേർത്തു' എന്നുമാണ് സുപ്രീം കോടതി പറഞ്ഞത്.









0 comments