പാക് ചാരവൃത്തി; വ്ലോഗർ ജ്യോതി മൽഹോത്രയുടെ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: ചാരവൃത്തിക്ക് അറസ്‌റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയുടെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസം കൂടി ജ്യോതി മൽഹോത്ര കസ്റ്റഡിയിൽ തുടുരും. ഹരിയാന ഹിസാർ കോടതിയുടെയാണ് നടപടി. നിലവിൽ ദേശീയ അന്വേഷണ ഏജൻസിയുടെയും ഇന്റലിജൻസ് ബ്യൂറോയുടെയും കസ്‌റ്റഡിയിലാണ് ജ്യോതി
‘ഓപ്പറേഷൻ സിന്ദൂറിന്’ ശേഷം ഇന്ത്യ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ജ്യോതി മൽഹോത്ര പാകിസ്ഥാന് കൈമാറിയതായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അതിർത്തി മേഖലകളിലടക്കം ഏർപ്പെടുത്തിയ ‘ബ്ലാക്ക്‌ഔട്ട്’ വിവരങ്ങൾ പാക് ഇന്റലിജൻസിന് കൈമാറിയതായാണ് സൂചന. ഇവരുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
ജ്യോതിയുടെ മൂന്ന് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ ഫോറൻസിക് പരിശോധനയ്‌ക്ക് കൈമാറി. പാക് ഹൈക്കമീഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായി ജ്യോതി ഈ മാർച്ചിനുശേഷം നടത്തിയ ചാറ്റുകൾ നശിപ്പിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. അവ വീണ്ടെടുക്കാനാണ് ശ്രമം. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇരുവരും ആശയവിനിമയം നടത്തിയിരുന്നുവെന്ന് കണ്ടെത്തി.
ജ്യോതിയുടെ രഹസ്യഡയറിയിൽ പാകിസ്ഥാന് അനുകൂലമായ നിരവധി പരാമർശങ്ങൾ കണ്ടെത്തിയതായി അന്വേഷണഉദ്യോഗസ്ഥർ പറഞ്ഞു.









0 comments