പാക് ഇന്റലിജൻസുമായി ബന്ധം സ്ഥാപിച്ച ജ്യോതി മൽഹോത്ര സ്പോൺസേർഡ് യാത്രകൾ നടത്തിയിട്ടുണ്ടെന്ന് ഹരിയാന പൊലീസ്
പാക് ചാരവൃത്തി ; യുട്യൂബർക്ക് ബിജെപി ബന്ധം

ന്യൂഡൽഹി
പാകിസ്ഥാനുവേണ്ടി ചാരവൃത്തി ചെയ്തെന്ന സംശയത്തിൽ അറസ്റ്റിലായ യുട്യൂബറും ട്രാവൽ വ്ലോഗറുമായ ജ്യോതി മൽഹോത്രയ്ക്ക് ബിജെപി ബന്ധം. രണ്ടുമാസം മുമ്പ് പാക് യാത്രയിൽ പോസ്റ്റ്‌ചെയ്ത വ്ലോഗിലാണ് ഹരിയാന ബിജെപിയുമായുള്ള ബന്ധം അവർതന്നെ സ്ഥിരീകരിക്കുന്നത്. അട്ടാരി അതിർത്തിയിൽ പാസ്‌പോർട്ട് പരിശോധിച്ച ബിഎസ്‌എഫ് ഉദ്യോഗസ്ഥനോട് ‘ഹരിയാന ബിജെപി’യെന്ന് സമ്മതിക്കുന്നതും ഉദ്യോഗസ്ഥൻ തിരികെ ബിജെപിയാണ് നമുക്കാവശ്യം എന്ന് പറയുന്നതും കേൾക്കാം.
കേന്ദ്രസർക്കാർ ഹരിയാനയിൽ നടത്തുന്ന പരിപാടികളിൽ വിഐപി പാസിലൂടെ പങ്കെടുക്കുന്ന വീഡിയോകളും ജ്യോതി പങ്കുവച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് മൂന്നുമാസംമുമ്പ് കശ്‌മീരിൽ സഞ്ചരിച്ച വീഡിയോ പങ്കിട്ട് ഒരുമാസത്തിന് ശേഷമാണ് പാകിസ്ഥാനിൽ പോയത്. 2023ലെ ആദ്യ സന്ദർശനത്തിനുശേഷം പാക് ഇന്റലിജൻസുമായി ബന്ധം സ്ഥാപിച്ച ജ്യോതി പിന്നീടും പാകിസ്ഥാനിലേക്ക് സ്പോൺസേർഡ് യാത്രകൾ നടത്തിയിട്ടുണ്ടെന്ന് ഹരിയാന പൊലീസ് പറഞ്ഞു. വാട്‌സാപ്, സ്നാപ്‌ചാറ്റ്, ടെലഗ്രാം എന്നിവയിലൂടെയാണ് വിവരങ്ങൾ പാകിസ്ഥാനിലേക്ക് കൈമാറിയത്.
ജ്യോതിയെ പാക് ഇന്റലിജൻസുമായി പരിചയപ്പെടുത്തിയ പാകിസ്ഥാൻ ഹൈക്കമീഷനിലെ ഡാനിഷ് ഇന്ത്യയിൽ പ്രവേശനവിലക്ക് നേരിടുന്നയാളാണ്. ഇയാൾക്കൊപ്പം പാക് ഹൈക്കമീഷനിൽ ഇഫ്‌താർ പാർടിയിൽ പങ്കെടുക്കുന്ന യുട്യൂബ് വീഡിയോകളുമുണ്ട്.
ഹരിയാനയിൽ ഒരാൾ കൂടി അറസ്റ്റിൽ
പാക് ചരവൃത്തിയിൽ ഹരിയാനയിലെ നൂഹിൽ താരിഫ് എന്നയാൾ അറസ്റ്റിലായി. കഴിഞ്ഞയാഴ്ച അർമാൻ എന്ന യുവാവാവിനെ ഇവിടെനിന്ന് അറസ്റ്റ് ചെയ്തിരുന്നു. അതിർത്തി കടന്നുള്ള കള്ളക്കടത്തിന്റെ മറവിൽ ഇന്റലിജൻസ് സന്ദേശങ്ങൾ കൈമാറുന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശി ഷഹ്‌സാദിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തിങ്കളാഴ്‌ച അറസ്റ്റ് ചെയ്തു.
ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പാക് ചാരശൃംഖല പ്രവർത്തിക്കുന്നതായാണ് നിഗമനം. ജ്യോതി മൽഹോത്ര ഹരിയാന ഹിസാർ സ്വദേശിയാണ്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക് ചാരശൃംഖലയുടെ ഭാഗമായി പ്രവർത്തിച്ചെന്ന് കരുതുന്ന 11 പേരെയാണ് അറസ്റ്റ് ചെയ്തത്.









0 comments