ചാരവൃത്തി ആരോപണം ; ജ്യോതിയുടെ ഒഡിഷ ബന്ധം നിരീക്ഷണത്തിൽ

jyoti malhotra youtuber
വെബ് ഡെസ്ക്

Published on May 19, 2025, 03:23 AM | 1 min read


ന്യൂഡൽഹി

പാകിസ്ഥാന്‌ തന്ത്രപ്രധാനവിവരം ചോർത്തി നൽകിയെന്ന ആരോപണത്തിൽ അറസ്‌റ്റിലായ ഹരിയാന സ്വദേശിയായ വ്ലോഗർ ജ്യോതി മൽഹോത്രയുടെ ഒഡിഷ ബന്ധം ഇന്റലിജൻസ്‌ ഏജൻസികൾ തിരയുന്നു. ഒഡിഷ പുരി സ്വദേശിനിയും യുട്യൂബറുമായ പ്രിയങ്ക സേനാപതിയെ ഞായറാഴ്‌ച ഇന്റലിജൻസ്‌ ബ്യൂറോ ചോദ്യം ചെയ്‌തു. മറ്റ്‌ പല യുട്യൂബർമാരും നിരീക്ഷണത്തിലാണ്‌. പ്രിയങ്കയും പാകിസ്ഥാൻ സന്ദർശിച്ചെന്ന്‌ ജ്യോതി മൊഴി നൽകി. കർത്താർപുർ സാഹിബ് ഇടനാഴി വഴി ഇരുവരും ഒരുമിച്ചാണ്‌ പാകിസ്ഥാനിലേക്ക്‌ പോയതെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു. 2024 സെപ്തംബറിൽ ജ്യോതിയുടെ ഒഡിഷ യാത്രയിലാണ്‌ ഇരുവരും കണ്ടുമുട്ടിയത്‌. ജ്യോതി പുരി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതും അന്വേഷിക്കുന്നു. മകൾ എല്ലാ അനുമതിയും നേടിയാണ്‌ പാകിസ്ഥാനിൽ പോയതെന്ന്‌ ജ്യോതിയുടെ അച്ഛൻ ഹാരിസ് മൽഹോത്ര പറഞ്ഞു.


ഇന്ത്യ അടുത്തിടെ പുറത്താക്കിയ പാകിസ്ഥാൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥൻ ഡാനിഷിന്‌ ഓപ്പറേഷൻ സിന്ദൂറിനിടെ ജ്യോതി സേനാനീക്കങ്ങളടക്കമുള്ള വിവരം നൽകിയെന്നാണ്‌ ആരോപണം. പാക്‌ ഇന്റലിജൻസ് വിഭാഗവുമായി ഇവർ ബന്ധപ്പെട്ടെന്നും ഹരിയാന പൊലീസ്‌ പറഞ്ഞു. ജ്യോതിയുടെ മൂന്ന്‌ ഫോൺ, ലാപ്‌ടോപ്പ്‌ എന്നിവയുടെ ഫോറൻസിക്‌ പരിശോധന ഉടൻ നടത്തും. ‘ട്രാവൽ വിത്ത് ജോ' എന്ന യുട്യൂബ് ചാനൽ നടത്തുന്ന ജ്യോതി കേരളമടക്കം സന്ദർശിച്ച്‌ വീഡിയോകൾ ചെയ്തിട്ടുണ്ട്‌. ഇൻസ്റ്റാഗ്രാം അക്കൗണ്ട്‌ 1.37 ലക്ഷം പേർ പിന്തുടരുന്നു. പാകിസ്ഥാൻ, ഭൂട്ടാൻ, ഇന്തോനേഷ്യ, ചൈന, ഗൾഫ്‌ രാജ്യങ്ങൾ എന്നിവ സന്ദർശിച്ചിട്ടുണ്ട്‌. രണ്ടുതവണ പാകിസ്ഥാൻ സന്ദർശിച്ചു. അവിടെയുള്ള ഹിന്ദുക്ഷേത്രങ്ങളിൽനിന്നും ഗുരുദ്വാരയിൽനിന്നുമുള്ള വ്‌ളോഗും പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home