സിആർപിഎഫ് എഎസ്ഐ അറസ്റ്റില്‍
തോക്കുമായി 6 പേരുടെ അകമ്പടി ; ജ്യോതി പാകിസ്ഥാനിൽ വിഐപി

ന്യൂഡൽഹി
ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ യുട്യൂബര്‍ ജ്യോതി മൽഹോത്രയെ 14 ദിവസം ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ തിങ്കളാഴ്‌ച ഹിസാര്‍ കോടതിയിൽ ഹാജരാക്കി.
അതിനിടെ ജ്യോതി മൽഹോത്ര എകെ 47 തോക്കേന്തിയ ആറുപേരുടെ അകമ്പടിയോടെ പാകിസ്ഥാൻ ലാഹോറിലെ അനാര്‍ക്കലി ബസാറിൽ വീഡിയോ എടുക്കുന്ന ദൃശ്യം പുറത്തുവന്നു. ഈ സമയം അനാര്‍ക്കലി മാര്‍ക്കറ്റ് സന്ദര്‍ശിച്ച് സ്‍കോട്ടിഷ് യുട്യൂബര്‍ കാലം മിൽ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തോക്കേന്തി "നോ ഫിയര്‍' എന്നെഴുതിയ ജാക്കറ്റ് ധരിച്ച് ജ്യോതിക്ക് അകമ്പടി നൽകിയ ആറുപേര്‍ പാക് പൊലീസുകാരാണെന്നാണ് സംശയം.
യുട്യൂബര്‍ക്ക് പാകിസ്ഥാനിൽ ഇത്ര വലിയ സുരക്ഷ ലഭിച്ചത് എങ്ങനെയെന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ പലരും ഉയര്‍ത്തുന്നുണ്ട്. ജ്യോതി മൽഹോത്രയ്‌ക്ക് ഡൽഹിയിലെ പാക് ഹൈക്കമീഷനിലെ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സിആർപിഎഫ് എഎസ്ഐ അറസ്റ്റില്‍
തന്ത്രപ്രധാനമായ രഹസ്യവിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ സിആർപിഎഫ് ഉദ്യോഗസ്ഥനെ എൻഐഎ തിങ്കളാഴ്‌ച അറസ്റ്റുചെയ്‌തു. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്‌ടർ മോത്തി റാം ജാട്ടാണ് ഡൽഹിയിൽ പിടിയിലായത്.
2023 മുതൽ പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരിൽനിന്ന് (പിഐഒ) പണംവാങ്ങി ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയാണ് നടപടിയെന്ന് എൻഐഎ അറിയിച്ചു. മോത്തി റാമിനെ പിരിച്ചുവിട്ടതായി സിആർപിഎഫ് അറിയിച്ചു. പട്യാല ഹൗസിലെ പ്രത്യേക കോടതി ഇയാളെ ജൂൺ ആറുവരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.









0 comments