Deshabhimani

പാകിസ്ഥാന്‌ വിവരങ്ങൾ ചോർത്തി നൽകി; വ്ലോഗർ ജ്യോതി മൽഹോത്ര അറസ്റ്റിൽ

Jyoti_Malhotra
വെബ് ഡെസ്ക്

Published on May 17, 2025, 04:28 PM | 1 min read

ന്യൂഡൽഹി: പാകിസ്ഥാന്‌ വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയതായുള്ള കേസിൽ ട്രാവൽ വ്ലോഗർ അറസ്റ്റിൽ. ഹരിയാനയിലെ ഹിസറിൽ താമസിക്കുന്ന ജ്യോതി മൽഹോത്രയാണ്‌ അറസ്റ്റിലായത്. വ്ലോഗറോടൊപ്പം അഞ്ച് പേർ കൂടി അറസ്റ്റിലായതാണ് സൂചന. പഞ്ചാബ് സ്വദേശിനി ഗുസാല, യാമീന്‍ മുഹമ്മദ്, ഹരിയാന സ്വദേശികളായ ദേവീന്ദര്‍ സിങ് ധില്ലണ്‍, അര്‍മാന്‍ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക്‌ വിവരങ്ങൾ ചോർത്തി നൽകിയതായി ജ്യോതി സമ്മതിച്ചതായാണ്‌ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വാർത്ത. ഒഫീഷ്യൽ സീക്രട്ട ആക്‌ടിലെ (1923) 3, 5 വകുപ്പുകൾ അനുസരിച്ചും ഭാരതീയ ന്യായ സംഹിത 152 അനുസരിച്ചുമാണ്‌ ജ്യോതിയെ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌.


അഞ്ച്‌ ദിവസത്തെ റിമാൻഡിലാണ്‌ വ്ലോഗറിപ്പോൾ. ‘ട്രാവൽ വിത്ത്‌ ജോ’ എന്നാണ്‌ ജ്യോതി മൽഹോത്രയുടെ യു ട്യൂബ്‌ അക്കൗണ്ടിന്റെ പേര്‌.


ഹിസാർ പൊലീസ്‌ സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ അനുസരിച്ച്‌ 2023ൽ ജ്യോതി രണ്ട്‌ തവണ പാകിസ്ഥാൻ സന്ദർശിച്ചതായാണ്‌ വിവരം. അവിടെ വച്ച് ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ജ്യോതി ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ സന്ദർശനത്തിന് ശേഷവും ഡാനിഷുമായി ജ്യോതി ബന്ധം പുലർത്തിയതായാണ് വിവരം.


‘അലി എഹ്വാൻ എന്നയാളെ പാകിസ്ഥാനിൽ നിന്ന് പരിചയപ്പെട്ടു. ഇയാളാണ് പാക് സന്ദർശന സമയത്ത് താമസമുൾപ്പെടെയുള്ള കാര്യങ്ങൾ ഏർപ്പാടാക്കി തന്നത്. പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരായ ഷാകിർ, റാണ ഷഹബാസ് എന്നിവരെ പരിചയപ്പെടുത്തുന്നതും എഹ്വാനാണ്.’– ജ്യോതി പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്യുന്നു.
ജ്യോതിയെ പാക് ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തി നൽകിയ ഡാനിഷിനെ ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യൻ ഗവൺമെന്റ് അനഭിമതനായി പ്രഖ്യാപിക്കുകയും എംബസിയിലെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home