ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവം: ചീഫ് ജസ്റ്റിസിന് അന്വേഷണ റിപ്പോർട്ട് കൈമാറി

ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ മൂന്നംഗ സമിതി ചീഫ് ജസ്റ്റിസിന് അന്വേഷണ റിപ്പോർട്ട് കൈമാറി. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജി എസ് സന്ധാവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി എം എസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന സമിതിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. ഹോളി ആഘോഷം നടക്കുന്ന ദിവസമാണ് ജസ്റ്റീസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ വീട്ടിൽ തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയാണ് രക്ഷാ പ്രവർത്തനത്തിനിടെ കോടിക്കണക്കിന് രൂപയുടെ കെട്ടുകൾ വീട്ടിൽ അടുക്കിവെച്ചതായി കണ്ടെത്തിയത്. യശ്വന്ത് വർമ്മ ആ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല.
പണം കണ്ടെത്തിയ വിവരം പുറത്തായി എങ്കിലും ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പിന്നീട് തിടുക്കപ്പെട്ട് ഈ വിവരം നിഷേധിക്കയാണുണ്ടായത്. രാത്രി 11.30 ഓടെയാണ് തീപിടിത്തം ഉണ്ടാവുന്നത്. ആദ്യം എത്തുന്നത് പൊലീസ് സംഘമാണ്. അവരും നോട്ടുകെട്ടുകൾ നിറച്ചു വെച്ചതിന് സാക്ഷികളായി. മാത്രമല്ല അഗ്നിരക്ഷാ സേന എടുത്ത വീഡിയോയും ചിത്രങ്ങളും ചീഫ് ജസ്റ്റീസിന് കൈമാറുകയും ചെയ്തു. തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിക്കുന്നത്.
മാർച്ച് 25ന് അന്വേഷണം ആരംഭിച്ച സമിതി സമിതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ, ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ, ന്യൂഡൽഹി ജില്ലാ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) ദേവേഷ് കുമാർ മഹല തുടങ്ങിയവരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരുന്നു. മെയ് നാലിനാണ് സമിതി അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്.









0 comments