സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടു , വർമയുടേത് ഗൂഢാലോചന സിദ്ധാന്തം
ജസ്റ്റിസ് വർമയറിയാതെ വീട്ടിൽ പണമെത്തില്ല ; ആഭ്യന്തര അന്വേഷണസമിതി റിപ്പോർട്ട്

റിതിൻ പൗലോസ്
Published on Jun 20, 2025, 03:16 AM | 1 min read
ന്യൂഡൽഹി
വീട്ടിൽനിന്ന് അനധികൃത പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ പ്രതിക്കൂട്ടിലാക്കി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട്. പഞ്ചാബ്–--ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു ചെയർമാനായ സമിതിയുടെ 64 പേജുള്ള റിപ്പോർട്ടാണ് പുറത്തായത്. രാഷ്ട്രപതിയുടെ പരിഗണനയിലാണിത്. തീപിടിത്തം നടന്ന സ്റ്റോർറൂമിൽ വർമയും കുടുംബവും അറിയാതെ പണം എത്തില്ല. മാർച്ച് 14ന് രാത്രി തീപിടിത്തം നടന്നയിടത്തുനിന്ന് നോട്ടുകെട്ടുകൾ മാറ്റി.
സിസിടിവി പ്രവർത്തിച്ചിരുന്നില്ല. ജസ്റ്റിസ് വർമയുടെ മകൾ വിദ്യ വർമ, പ്രൈവറ്റ് സെക്രട്ടറി രജീന്ദർ സിങ് കാർക്കി, വീട്ടിലെ ജീവനക്കാർ, സിആർപിഎഫ് ഭടന്മാർ, അഗ്നിരക്ഷാസേന, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 55 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 10പേർ പണം കണ്ടതായി മൊഴിനൽകി. ആരോപണങ്ങളെ സാധുകരിക്കുന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ജഡ്‌ജിയെ നീക്കാനും സമിതി ശുപാർശ നൽകി. ഭരണഘടനസാധുതയില്ലാത്ത ആഭ്യന്തരസമിതി റിപ്പോർട്ടിന്റെ മേൽ വർമയെ ഇംപീച്ച് ചെയ്യാനാരുങ്ങുകയാണ് കേന്ദ്രം.
അതേസമയം, വർമയും കുടുംബവും ജീവനക്കാരും പണം കണ്ടിട്ടില്ലന്ന് മൊഴിനൽകി. പ്രൈവറ്റ് സെക്രട്ടറിയുടെ മൊഴിയിൽ വൈരുധ്യമുണ്ട്. പണം മറ്റാരോ കൊണ്ടുവച്ചതാണെന്ന വർമയുടെ വാദത്തെ കേവലം ‘ഗൂഢാലോചന സിദ്ധാന്ത’മെന്നാണ് റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്. പത്ത് ഫോൺ പരിശോധിച്ചു. സമിതിക്ക് വർമനൽകിയ 101 പേജുള്ള മറുപടി പ്രഥമദൃഷ്ട്യാ സത്യമെന്ന് കരുതുന്ന ഒന്ന് തെറ്റാണെന്ന് തെളിയിക്കാനുള്ള കഠിന പ്രയത്‌നമാണെന്നും റിപ്പോർട്ടിലുണ്ട്.
പ്രധാന നിഗമനങ്ങൾ
തുഗ്ലക് ക്രസന്റിലെ വസതിയിൽ പണമുണ്ടായിരുന്നു
വർമയും കുടുംബവുമറിയാതെ പണമെത്തില്ല
ഭോപ്പാൽയാത്ര റദ്ദാക്കി മടങ്ങിയെത്തിയ വർമ സ്റ്റോർറൂം സന്ദർശിക്കാത്തത്ത് അസ്വാഭാവികം
ദുരൂഹ വസ്‌തുക്കൾ സ്റ്റോർ റൂമിൽനിന്ന് നീക്കിയത് പ്രൈവറ്റ് സെക്രട്ടറിയുടെ അറിവോടെ ഗൂഢാലോചനയുണ്ടെങ്കിൽ എന്തുകൊണ്ട് പൊലീസിനും ചീഫ് ജസ്റ്റിസിനും പരാതി നൽകിയില്ല









0 comments