ബുൾഡോസർ രാജിനെ നിരന്തരം നിരീക്ഷിക്കണം : റിട്ട. ജസ്റ്റിസ് മുരളീധർ

ന്യൂഡൽഹി
നിയമവാഴ്‌ചയെ വെല്ലുവിളിക്കുന്ന ബുൾഡോസർ രാജിനെതിരെ ഉത്തരവിട്ടാൽമാത്രം സുപ്രീംകോടതിയുടെ ബാധ്യത തീരില്ലെന്ന് ഓർമിപ്പിച്ച് ഒഡിഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ് മുരളീധർ. അദ്ദേഹം എഡിറ്റ് ചെയ്‌ത ‘(ഇൻ) കംപ്ലീറ്റ് ജസ്റ്റിസ് ? ദ സുപ്രീംകോർട്ട് അറ്റ് 75’ എന്ന പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു മുരളീധറിന്റെ പരാമർശം.
ബുൾഡോസർരാജിനെതിരെ സുപ്രീംകോടതി മാർഗനിർദേശം നൽകിയെങ്കിലും അത് പാലിക്കുന്നതിൽ പല സംസ്ഥാനങ്ങളും അലസത കാട്ടുന്നു. വിധി ലംഘിച്ചെന്നു കാട്ടി ഹർജി നൽകിയാൽപോലും വേണ്ടസമയത്ത് ലിസ്റ്റുചെയ്യുന്നില്ല. ചില കേസുകൾ വിധിയോടെ അവസാനിപ്പിക്കരുത്. തുടർച്ചയായി ഉത്തരവുകൾ നൽകി ദീർഘകാലത്തേയ്ക്ക് മേൽനോട്ടം വഹിക്കണം. സുപ്രീംകോടതി നിരീക്ഷണവും സമ്മർദവുമില്ലങ്കിൽ സർക്കാരുകൾ വിധി നടപ്പാക്കാൻ മെനക്കെടില്ല. നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുംവരെ സമ്മർദം തുടരണം– അദ്ദേഹം പറഞ്ഞു.
വടക്ക് കിഴക്കൻ ഡൽഹി കലാപത്തിന് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം കാരണമായതിൽ അതിശക്തമായ നിലപാടെടുത്ത ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരുന്നു മുരളീധറിനെ സ്ഥലംമാറ്റാൻ കേന്ദ്രസർക്കാർ ഇടപെട്ടെന്ന് സുപ്രീംകോടതി മുൻ ജഡ്‌ജി മദൻ ബി ലോകൂർ കഴിഞ്ഞദിവസം വെളിപ്പെടുത്തി.









0 comments