പട്ടികയിൽ ചീഫ് ജസ്റ്റിസിന്റെ അനന്തരവനും
സുപ്രീംകോടതിയിലേക്ക് ജസ്റ്റിസ് പഞ്ചോളിയുടെ നിയമനം ; വിയോജിപ്പുമായി ജസ്റ്റിസ് ബി വി നാഗരത്ന

ന്യൂഡൽഹി
പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ പഞ്ചോളിയെ സുപ്രീംകോടതി ജഡ്‍ജിയായി നിയമിക്കുന്നതിൽ വിവാദം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ കൊളീജിയം യോഗത്തിൽ ജസ്റ്റിസ് ബി വി നാഗരത്ന നിയമനത്തെ എതിര്‍ത്തു. ജസ്റ്റിസ് നാഗരത്നയുടെ വിയോജിപ്പോടെയാണ് ശുപാർശ കേന്ദ്രസർക്കാരിന് അയച്ചത്. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, ജെ കെ മഹേശ്വരി എന്നിവർ പഞ്ചോളിയെ അനുകൂലിച്ചു. അതേസമയം, നാഗരത്നയുടെ വിയോജനക്കുറിപ്പ് കൊളീജിയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാത്തത് വിവാദമായി.
ദേശീയതലത്തിൽ ഹൈക്കോടതി ജഡ്‌ജിമാരുടെ സീനിയോറിറ്റി പട്ടികയിൽ 57–ാം സ്ഥാനത്തുള്ള പഞ്ചോളിയെ സീനിയോറിറ്റി ലംഘിച്ച് നിയമിക്കരുതെന്നാണ് സുപ്രീംകോടതിയിലെ ഏക വനിതാ ജഡ്‍ജിയായ ബി വി നാഗരത്ന ചൂണ്ടിക്കാട്ടിയത്. പല ഹൈക്കോടതികള്‍ക്കും പ്രാതിനിധ്യം ഇല്ലെന്നിരിക്കെ പഞ്ചോളിയെക്കൂടി നിയമിച്ചാൽ ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയിൽ അമിത പ്രധാന്യം കൈവരും. 2028–2030നും ഇടയിൽ ചീഫ് ജസ്റ്റിസ് പദവിയിലെത്താൻ എത്താൻ സാധ്യതയുള്ളതിനാൽ പഞ്ചോളിയുടെ നിയമനം ജുഡീഷ്യറിയുടെ താൽപ്പര്യം ഹനിക്കും. 2023ൽ ഗുജറാത്തിൽനിന്ന് പട്‌നയിലേക്കുള്ള പഞ്ചോളിയുടെ സ്ഥലംമാറ്റത്തെക്കുറിച്ചും പരിശോധിക്കണമെന്ന് ജസ്റ്റിസ് നാഗരത്ന ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പഞ്ചോളിയെ നിയമിക്കുന്നതിനെ മേയിൽ ചേര്‍ന്ന കൊളീജിയം യോഗത്തിലും ജസ്റ്റിസ് നാഗരത്ന എതിര്‍ത്തിരുന്നു. അന്ന് ഗുജറാത്ത് ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് എൻ വി അഞ്ജരിയയെ മാത്രം ശുപാര്‍ശചെയ്‌തു. ജസ്റ്റിസ് നാഗരത്നയുടെ വിയോജനക്കുറിപ്പും പഞ്ചോളിയുടെ സ്ഥലംമാറ്റത്തിനുള്ള കാരണവും പുറത്തുവിടണമെന്ന് കാമ്പെയ്ൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) ആവശ്യപ്പെട്ടു.
പട്ടികയിൽ ചീഫ് ജസ്റ്റിസിന്റെ അനന്തരവനും
ബോംബെ ഹൈക്കോടതി ജഡ്‌ജിമാരായി ഉയർത്താൻ കൊളീജിയം ശുപാർശ നൽകിയ 14 അഭിഭാഷകരിൽ ഒരാൾ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്‍യുടെ അനന്തരവനായ രാജ് ദാമോദർ വകോഡെ. നിയമനം കേന്ദ്രം അംഗീകരിച്ചാൽ ഭാവിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസുവരെയാകാൻ വകോഡെയ്‌ക്ക് സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. ശുപാര്‍ശ സ്വജനപക്ഷപാതമാണെന്ന് സിജെഎആർ വിമര്‍ശിച്ചു. അതേസമയം, വകോഡെ അകന്ന ബന്ധുമാത്രമാണെന്ന് ജസ്റ്റിസ് ഗവായ്‍യുടെ സഹോദരൻ ഡോ. രാജേന്ദ്ര ഗവായ് പ്രതികരിച്ചു.









0 comments