ജഡ്‌ജിയുടെ വീട്ടിൽ കെട്ടുകണക്കിന് പണം: പ്രതിപക്ഷം ഇംപീച്ച്‌മെന്റിന്

റിതിൻ പൗലോസ്
Published on Mar 24, 2025, 12:01 AM | 1 min read
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമ രാജിവച്ചില്ലെങ്കിൽ ഇംപീച്ച്‌മെന്റിന് നോട്ടീസ് നൽകാൻ പ്രതിപക്ഷനീക്കം. ആരോപണവിധേയനായ ജഡ്‌ജിയെ സുപ്രീംകോടതി പൂർണമായും കൈവിട്ട സാഹചര്യത്തിൽ പാർലമെന്റിൽ കേന്ദ്രസർക്കാരിന്റെ പ്രസ്‌താവന തിങ്കളാഴ്‌ചയുണ്ടായേക്കും. കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്‌വാളാകും നിലപാടറിയിക്കുക. വിഷയത്തിൽ സുപ്രീംകോടതി കടുത്ത നിലപാടെടുത്തതോടെ യശ്വന്ത് വർമ രാജിവച്ചേക്കുമെന്നും സൂചനയുണ്ട്.
സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതിക്ക് മുമ്പാകെ ജഡ്‌ജി ഹാജരാകും. ശനിയാഴ്‌ച സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിട്ട സുപ്രീംകോടതി, യശ്വന്ത് വർമയെ എല്ലാ ജുഡീഷ്യൽ ജോലികളിൽനിന്നും മാറ്റി. പുറത്തുവിട്ട വീഡിയോ–-ഫോട്ടോ ദൃശ്യങ്ങളിൽ അഞ്ഞൂറുരൂപയുടെ കത്തിയ നോട്ടുകളുടെ കൂമ്പാരം വ്യക്തമാണ്. ജഡ്‌ജിയുടെയും സ്‌റ്റാഫിന്റെയും ആറുമാസത്തെ ഫോൺരേഖകൾ നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വസതിക്ക് സമീപത്തുനിന്ന് കത്തിയ അഞ്ഞൂറുരൂപ നോട്ടുകൾ കോർപറേഷന്റെ ശുചീകരണ തൊഴിലാളികൾക്കും ലഭിച്ചു.
‘വിശദമായ അന്വേഷണം വേണം’
ഡൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്നയ്‌ക്ക് നൽകിയ റിപ്പോർട്ടിൽ യശ്വന്ത് വർമയ്‌ക്കെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്‌തു. വസതിക്ക് പുറത്തുനിന്ന് ആർക്കും സ്‌റ്റോർ റൂമിനുള്ളിൽ കടക്കാനാവില്ല. മാർച്ച് 14ന് വൈകിട്ടാണ് വീട്ടിൽ തീപിടിത്തമുണ്ടായത്. 15ന് രാവിലെതന്നെ കത്തിയ വസ്‌തുക്കൾ നീക്കി. 15ന് വൈകിട്ട് 4.30ന് സിറ്റിപൊലീസ് കമീഷണറാണ് വിവരം അറിയിച്ചതെന്ന് ഡൽഹി ചീഫ് ജസ്‌റ്റിസ് പറയുന്നു. ദൃശ്യവും ഫോട്ടോയും കമീഷണർ അയച്ചുതന്നു. ഉടൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഫോണിലൂടെ വിഷയം ധരിപ്പിച്ചു. 16ന് നേരിട്ടുകണ്ട് ധരിപ്പിച്ചു. 17ന് ജസ്‌റ്റിസ് വർമയെ വിളിച്ചുവരുത്തി വിശദീകരണമാവശ്യപ്പെട്ടു.
ഗാർഡ്‌റൂമിനടുത്തുള്ള സ്‌റ്റോർറൂമിൽ പഴകിയ ഫർണിച്ചറുകളും മെത്തകളുമാണെന്നായിരുന്നു വർമ പറഞ്ഞത്. ദൃശ്യങ്ങൾ കാട്ടിയപ്പോൾ ഗൂഢാലോചനായാണെന്ന് അദ്ദേഹം പറഞ്ഞുവെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു. പണത്തിന്റെ സ്രോതസ്സടക്കം വിശദീകരിക്കാൻ ആവശ്യപ്പെട്ട് 21ന് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് നൽകിയ നോട്ടീസിന് 22ന് വർമ മറുപടി നൽകി. പണവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്നാണ് മറുപടി.









0 comments