ഛത്തീസ്‌ഗഡിൽ മലയാളിമാധ്യമപ്രവർത്തകർക്ക് ഭീഷണിയും മർദ്ദനവും

ന്യൂഡൽഹി: മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്‌ത്രീകളെ ജയിലിലടച്ച സംഭവം റിപ്പോർട്ട് ചെയ്യാൻ ഛത്തീസ്‌ഗഡിലെ ദുർഗിൽ എത്തിയ മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടിവന്നത് നിരന്തര ഭീഷണിയും മർദ്ദനവും. ബജ്‌രംഗദൾ അനുഭാവികളായ പ്രാദേശിക മാധ്യമപ്രവർത്തകരാണ് മലയാളി മാധ്യമപ്രവർത്തകരെ ആക്രമിച്ചത്. അടികൊണ്ട മലയാളി മാധ്യമപ്രവർത്തകർ തന്നെ മാപ്പ് പറയണമെന്ന ബജ്‌രംഗ്‌ദളുകാരുടെ ആവശ്യത്തിന് ഛത്തീസ്‌ഗഢ് പൊലീസ് കൂട്ടുനിന്നു. പലരോടും മാപ്പ് പറഞ്ഞശേഷമാണ് മലയാളി മാധ്യമപ്രവർത്തകരിൽ ചിലർക്ക് രക്ഷപ്പെട്ട് പോകാനായത്.
കന്യാസ്‌ത്രീകൾക്ക് അനുകൂലമായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് ആരോപിച്ച് തുടക്കംമുതൽ മലയാളിമാധ്യമപ്രവർത്തകരെ ബജ്‌രംഗ്‌ദളുകാർ ഭീഷണിപ്പെടുത്തിയിരുന്നു. മലയാളമാധ്യമങ്ങൾ ചത്തീസ്‌ഗഡിനെ അപമാനിച്ചുവെന്ന് ബജ്‌രംഗ്‌ദൾ നേതാവ് ജ്യോതി ശർമ ചാനൽ അഭിമുഖത്തിൽ പറയുകയും ചെയ്‌തു. കന്യാസ്‌ത്രീകളെ അറസ്റ്റ് ചെയ്തത് ചെറിയ സംഭവമാണെന്നും മലയാള മാധ്യമങ്ങളാണ് വലിയ വിഷയമാക്കിയതെന്നും അവർ ആരോപിച്ചു. ഇതിനുശേഷം ബജ്‌രംഗ്‌ദളുകാർ കടുത്ത ശത്രുതയോടെയാണ് പ്രവർത്തിച്ചത്. ജയിലിനുമുന്നിൽവച്ച് പലതവണ കയ്യേറ്റം ഉണ്ടായി. ഭീഷണി കടുത്തപ്പോൾ കേരളത്തിലെ ഒരു ചാനൽ സംഘത്തെ മാനേജ്‌മെന്റ് ഇടപെട്ട് തിരിച്ചുവിളിച്ചു.









0 comments