കോഹ്‌ലിയെ അഭിനന്ദിച്ച പോസ്റ്റിൽ വന്ന വർഗീയ പരാമർശങ്ങൾ; മറുപടി നൽകി ജാവേദ് അക്തർ

PHOTO: X/Javed Akhtar
മുംബെെ: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ–പാകിസ്ഥാൻ മത്സരത്തിന് ശേഷം വിരാട് കോഹ്‌ലിയെ പ്രകീർത്തിച്ച പോസ്റ്റിന് കീഴിൽ വന്ന വർഗീയ കമന്റുകൾക്ക് മറുപടി നൽകി ജാവേദ് അക്തർ. മത്സരത്തിന് ശേഷം കവിയും ഗാനരചയ്‌താവുമാത ജാവേദ് അക്തർ എക്‌സിലായിരുന്നു കോഹ്‌ലിയെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. ‘വിരാട് കോഹ്‌ലി സിന്ദാബാദ്, ഞങ്ങളെല്ലാവരും നിങ്ങളെക്കുറിച്ചോർത്ത് ഒരുപാട് അഭിമാനിക്കുന്നു’ എന്നായിരുന്നു ജാവേദിന്റെ പോസ്റ്റ്. ഇതിന് കീഴിലായി വന്ന കമന്റുകൾക്കാണ് ജാഗവദ് ചുട്ട മറുപടി നൽകിയിരിക്കുന്നത്.
‘ജാവേദ്, ബാബറിന്റെ അച്ഛനാണ് കോഹ്ലി, ജയ് ശ്രീറാം എന്ന് പറയൂ’ എന്നായിരുന്നു പോസ്റ്റിന് കീഴിലുള്ള ഒരു കമന്റ്. ഇതിനുള്ള മറുപടിയായി ജാവേദ് നൽകിയത് ‘നിങ്ങൾ വളരെ നിസാരക്കാരനായ മനുഷ്യനാണ്, അതൊരിക്കലും മാറാൻ പോകുന്നില്ല. രാജ്യസ്‌നേഹത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?’ എന്നാണ്.
അതിരുവിട്ട മറ്റ് ചില കമന്റുകളോട് ജാവേദ് അതിരൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. ‘ഇന്ന് സൂര്യൻ എവിടെ നിന്നാണ് ഉദിച്ചത്? നിങ്ങൾക്ക് സങ്കടം തോന്നുന്നുവോ’ എന്ന ചോദ്യമാണ് ജാവേദിനെ ചൊടിപ്പിച്ചത്. ‘മകനെ നിന്റെ അച്ഛനും മുത്തച്ഛനും ബ്രിട്ടീഷുകാരുടെ ബൂട്ട് നക്കിയപ്പോൾ, എന്റെ പൂര്‍വ്വികര്‍ ജയിലിലും കാലാപാനിയിലും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയായിരുന്നു. എന്റെ സിരകളിൽ ഒഴുകുന്നത് ദേശസ്‌നേഹത്തിന്റെ രക്തമാണ്, നിങ്ങളുടേത് ബ്രിട്ടീഷ് സേവകരുടെ രക്തമാണ്. ഈ വ്യത്യാസം ഒരിക്കലും മറക്കരുത്.’– ജാവേദ് മറുപടി നൽകി.
ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ–പാകിസ്ഥാൻ മത്സരത്തിൽ വിരാട് കോഹ്‌ലി സെഞ്ചുറി നേടിയിരുന്നു. ആറ് വിക്കറ്റിനായിരുന്നു പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ വിജയം. തോലവിയോടെ പാകിസ്ഥാൻ ടൂർണമെന്റിൽ നിന്നും പുറത്തായി. ഇന്ത്യ സെമിയിൽ പ്രവേശിക്കുകയും ചെയ്തു.









0 comments