സൈനികന് വീരമൃത്യു ; ജമ്മു കശ്മീരിൽ 2 ഭീകരരെക്കൂടി വധിച്ചു

ജമ്മു : ജമ്മു കശ്മീരിലെ കിഷ്‍ത്വാറിലെ ഛാത്രുവിൽ ജയ്‍ഷെ മുഹമ്മദ് കമാൻഡർ സെയ്ഫുള്ള അടക്കം രണ്ട് ഭീകരരെക്കൂടി സുരക്ഷാസേന വധിച്ചു. രണ്ടുദിവസത്തിലേറെയായി തുടരുന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി. അതേസമയം അഖ്നൂർ മേഖലയിലെ കേരി ബട്ടലിൽ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തി. ഇതിന്റെ മറവിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ നേരിടുന്നതിനിടെ പഞ്ചാബ് 9 ബറ്റാലിയനിലെ ഹിമാചൽ സ്വദേശിയായ സുബേദാർ കുൽദീപ് ചന്ദ് വീരമൃത്യുവരിച്ചു. ഭീകരർക്കായി തെരച്ചിൽ തുടുരുകയാണ്.
അതിർത്തിയിൽ സമാധാനംനിലനിർത്തുന്നതിനായി പൂഞ്ചിൽ ഇന്ത്യ, പാക് ബ്രിഗേഡ് കമാൻഡർതല ചർച്ച നടന്ന് ദിവസങ്ങൾക്കുള്ളിലാണ് വെടിനിർത്തൽ ലംഘനവും നുഴഞ്ഞുകയറ്റശ്രമവുമുണ്ടായത്. പാക് ഭാഗത്തുനിന്നുള്ള വെടിനിർത്തൽ ലംഘനവും നുഴഞ്ഞകയറ്റവും യോഗത്തിൽ ഇന്ത്യ ഉയർത്തിയിരുന്നു.
ഭീകരരുണ്ടെന്ന വിവരത്തെ തുടർന്ന് ബുധൻ മുതലാണ് സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായി കിഷ്ത്വാറിൽ തെരച്ചിൽ തുടങ്ങിയത്. മഞ്ഞ് നിറഞ്ഞ മേഖലയിലെ മോശം കാലാവസ്ഥ ദൗത്യത്തിന് വെല്ലുവിളിയായിരുന്നു. കൊല്ലപ്പെട്ട ജയ്‍ഷെ ഭീകരൻ സെയ്ഫുള്ള ചെനാബ് മേഖലയിൽ ഒരുവർഷമായി സജീവമാണ്. ഇവരിൽനിന്ന് എകെ 47, എം4 റൈഫിൾ അടക്കമുള്ള ആയുധശേഖരവും കണ്ടെത്തി.









0 comments