എൻഐഎ സംഘത്തെ വിജയ്‌ സാഖറേ നയിക്കും

print edition റെയ്‌ഡും അറസ്റ്റും തുടരുന്നു ; ഉമറിന്റെ സുഹൃത്തായ ഡോക്‌ടര്‍ സഹൂറിനെ 
പൊലീസ്‌ കസ്റ്റഡിയിലെടുത്തു

raid

ജമ്മു കശ്‌മീരിലെ കുൽഗാമിൽ 
നിരോധിത സംഘടന ജമാഅത്തെ ഇസ്ലാമിയുടെ കേന്ദ്രങ്ങളിൽ 
സുരക്ഷാ സേന പരിശോധന 
നടത്തുന്നു

വെബ് ഡെസ്ക്

Published on Nov 13, 2025, 04:22 AM | 2 min read


ന്യൂ‍ഡൽഹി

രാജ്യത്തിന്റെ വിവിധ മേഖലകളിൽ റെയ്‌ഡും അറസ്റ്റും തുടരുന്നു. ചെങ്കോട്ടയിൽ കാറിൽ സ്‌ഫോടനം നടത്തിയ ഉമറിന്റെ സുഹൃത്തും ഡോക്‌ടറുമായ സഹൂറിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക്‌ "വൈറ്റ്‌ കോളർ ഭീകര സംഘ'വുമായി ബന്ധമുണ്ടോ എന്ന അന്വേഷണത്തിലാണ്‌ പൊലീസ്‌. ഫരീദാബാദിലുള്ള കാർ ഡീലറും കസ്റ്റഡിയിലുണ്ട്‌.

അറസ്റ്റിലായ വനിതാ ഡോക്‌ടർ ഷഹീനിന്റെ ബന്ധുക്കളിൽ പലരെയും ചോദ്യം ചെയ്‌തു. യുപിയിലെ കാൺപ‍ുരിൽ നിന്ന്‌ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന ഒൻപത്‌ പേരെ കസ്റ്റഡിയിലെടുത്തു. ശ്രീനഗറിൽ നിന്നുള്ള രണ്ട്‌ ഡോക്‌ടർമാരെ ചോദ്യംചെയ്‌ത്‌ വിട്ടയച്ചു. ഡൽഹി സ്‌ഫോടനം സംബന്ധിച്ച്‌ പ്രകോപനപരമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്‌ അസമിൽ അഞ്ചുപേർ അറസ്റ്റിലായി.


ജമാഅത്തെ 
ഇസ്ലാമി കേന്ദ്രങ്ങളില്‍ റെയ്ഡ്

ജമ്മു കശ്‍മീരിലെ നിരോധിത സംഘടന ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ളവരുടെ വീടുകളിൽ വ്യാപക റെയ്ഡ്‌ നടത്തി. കുല്‍ഗാം, പുല്‍വാമ, ഷോപ്പിയാൻ, ബാരാമുള്ള, ഗന്ധേര്‍ബല്‍ ജില്ലകളിലെ ജമാഅത്തെ പ്രവര്‍‌ത്തകരുടെ വീടുകളിലടക്കം മുന്നൂറിലേറെ ഇടങ്ങളില്‍ പൊലീസ് പരിശോധന നടത്തി. വീണ്ടും സംഘടന സജീവമാകാൻ ശ്രമിക്കുന്നുവെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണിതെന്ന് പൊലീസ് അറിയിച്ചു.


ജമ്മു മേഖലയിൽ 
ജാഗ്രതാനിര്‍ദേശം

‍ഡൽഹി സ്‍‌ഫോടന പശ്ചാത്തലത്തിൽ ജമ്മു മേഖലയിൽ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നൽകി പൊലീസ്. സംശയകരമായി എന്തെങ്കിലും കണ്ടാൽ അറിയിക്കണമെന്ന് ജമ്മു നഗരത്തിലെ വ്യാപാരികളടക്കമുള്ളവരോട് പൊലീസ് നിര്‍ദേശിച്ചു. കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കും. ​


ജമ്മു നഗരത്തിൽ പട്രോളിങ് ശക്തിപ്പെടുത്തി. ജമ്മു ശ്രീനഗര്‍ ദേശീയ പാത, റെയിൽപ്പാളങ്ങൾ, മറ്റ് പ്രധാനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി. കാമറകള്‍ തുടര്‍ച്ചയായി പരിശോധിക്കുന്നുണ്ട്. വൈഷ്‌ണോദേവി ക്ഷേത്രത്തിനും സുരക്ഷകൂട്ടി.


ഇന്ത്യ–നേപ്പാള്‍ അതിര്‍ത്തിയിൽ പരിശോധന 
ശക്തമാക്കി

ഡൽഹി സ്‍ഫോടന പശ്ചാത്തലത്തിൽ ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിയിൽ സുരക്ഷാസേന പരിശോധന ശക്തമാക്കി. സ്ഫോടനവുമായി ബന്ധമുള്ള പ്രതികള്‍ നേപ്പാള്‍ അതിര്‍ത്തിവഴി ഇന്ത്യയിൽനിന്ന് രക്ഷപ്പെട്ട് പാകിസ്ഥാനിലേക്ക് കടന്നേക്കാമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്തെങ്കിലും സംശയകരമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാൽ വിവരം കൈമാറാൻ അതിര്‍ത്തി മേഖലയിൽ താമസിക്കുന്നവര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.


ഇന്ത്യൻ മുജാഹിദീൻ സജീവമായ കാലത്ത് ഈ മാര്‍ഗമാണ് ഭീകരര്‍ പാകിസ്ഥാനിലേക്ക് കടക്കാൻ ഉപയോഗിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഡൽഹി സ്‌ഫോടനത്തിൽ എത്ര പേര്‍ ഉള്‍പ്പെട്ടുവെന്നതിൽ ഇപ്പോഴും വ്യക്തത വരുത്താൻ അന്വേഷണ ഏജന്‍സികള്‍‌ക്കായില്ല.


എൻഐഎ സംഘത്തെ വിജയ്‌ സാഖറേ നയിക്കും

ഡൽഹി സ്‌ഫോടനം അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തെ എൻഐഎ അഡിഷണല്‍ ഡയറക്‌ടർ ജനറൽ വിജയ്‌ സാഖറേ നയിക്കും. ഐജി, രണ്ട്‌ ഡിഐജിമാർ, മൂന്ന്‌ എസ്‌പിമാർ, മൂന്ന്‌ ഡിഎസ്‌പിമാർ എന്നിവരടങ്ങിയ പത്തംഗ സംഘമാണ്‌ അന്വേഷിക്കുന്നത്‌. ഡൽഹിയിലേത്‌ ഭീകരാക്രമണമാണെന്ന്‌ സ്ഥിരീകരിച്ചതോടെയാണ്‌ എൻഐഎ അന്വേഷണം ഏറ്റെടുത്തത്‌. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്‌ സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന്‌ ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്‌.


ഇ‍ൗ സാഹചര്യത്തിൽ ജമ്മു കശ്‌മീർ, ഹരിയാന, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ സമീപകാലത്ത്‌ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട എല്ലാ കേസും എൻഐഎ സംഘം പരിശോധിക്കും. അന്വേഷണം ഏറ്റെടുത്തതോടെ വിജയ്‌ സാഖറേ ബുധനാഴ്‌ച ഇന്റലിജൻസ്‌ ബ്യൂറോ മേധാവിയുമായി കൂടിക്കാഴ്‌ച്ച നടത്തി. കേരളാകേഡർ (1996 ബാച്ച്‌) ഉദ്യോഗസ്ഥനായ വിജയ്‌ സാഖറേ എൻഐഎ ഐജിയായിരുന്നു. സെപ്‌തംബറിലാണ്‌ എൻഐഎ അഡിഷണല്‍ ഡയറക്‌ടർ ജനറലായി നിയമിതനായത്‌.








deshabhimani section

Related News

View More
0 comments
Sort by

Home