ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി ; ഉറപ്പ് എന്ന് പാലിക്കുമെന്ന് കേന്ദ്രം അറിയിക്കണം

ന്യൂഡൽഹി
ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി തിരിച്ചുനൽകുന്നതിൽ കേന്ദ്രസർക്കാർ നൽകിയ ഉറപ്പ് എപ്പോൾ പാലിക്കുമെന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി. വിഷയത്തിൽ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് കേന്ദ്രത്തിന് നോട്ടീയച്ചു. ആറാഴ്‌ചയ്‌ക്കകം മറുപടി നൽകണം.
ഭരണഘടന ബെഞ്ചിന് മുന്പാകെ കേന്ദ്രം ഉറപ്പുനൽകിയിരുന്നെന്നും എത്രസമയത്തിൽ അത് പാലിക്കുമെന്ന് അറിയണമെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പറഞ്ഞു. പഹൽഗാം ആക്രമണത്തിന്റെ പേരിൽ പദവി തിരികെ നൽകാതിരിക്കുന്നതിനെയും എതിർത്തു.
പദവി തിരികെ നൽകുന്നതിൽ കശ്‌മീർ സർക്കാരുമായി കൂടിയാലോചന നടത്തുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. കശ്‌മീരിലെ സാഹചര്യം കാര്യമായി മെച്ചപ്പെട്ടെന്നും പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനം എടുക്കേണ്ടതെന്നും വാദിച്ചു.









0 comments