ജമാഅത്തെ ഇസ്ലാമിക്കാരുടെ വീടുകളിൽ വ്യാപക റെയ്ഡ്; നിരവധിപേര്‍ അറസ്റ്റിൽ

അനന്ത്നാഗിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു | Photo:PTI
ശ്രീനഗർ: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചാവേറാക്രമണത്തിന് പിന്നാലെ ജമ്മു കശ്‍മീരിലെ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ വ്യാപക പരിശോധന നടത്തി പൊലീസ്. മുന്നൂറിലധികം കേന്ദ്രങ്ങളിലായിരുന്നു ബുധനാഴ്ചത്തെ പരിശോധന. കാശ്മീരിലെ ഭീകരവാദ ശൃംഖലക്കെതിരായ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
പലരൂപത്തിലായി ജമാഅത്തെ ഇസ്ലാമി വീണ്ടും സജീവമാകാൻ ശ്രമിക്കുന്നതായി പൊലീസിന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് കുൽഗാം, പുൽവാമ, ഷോപിയാൻ, ബാറാമുള്ള, ഗന്ധേര്‍ബല്‍ ജില്ലകളിലെ പ്രവർത്തകരുടെ വീടുകളിലടക്കം പരിശോധന നടത്തിയത്. സംഘടനയ്ക്ക് പിൻബലം നൽകുന്നവരെ കണ്ടെത്തുകയും ഭീകരവാദപ്രവർത്തനങ്ങൾ തടയുകയുമാണ് ലക്ഷ്യമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഈ നടപടികളുടെ ഭാഗമായി, ജെകെഎൻഒപി (ജമ്മു കശ്മീർ നാഷണൽസ് ഓപറേറ്റിങ് ഫ്രം പാകിസ്ഥാൻ) എന്ന നിരോധിത സംഘടനയുമായും മറ്റ് നിരോധിത സംഘടനകളുമായും ബന്ധമുള്ള ഏകദേശം അഞ്ഞൂറോളം പേരെ ചോദ്യംചെയ്തു. ഇവരിൽ പലരുടെയും അറസ്റ്റ് രേഖപ്പെടുത്തി അനന്ത്നാഗിലെ ജില്ലാ ജയിലിലേക്ക് മാറ്റി എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.









0 comments