നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ്

ചെന്നൈ : ചലച്ചിത്ര നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് രാവിലെ മുതലാണ് ഇവിടങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. ചെന്നൈയിൽ വിവിധ ഇടങ്ങളിൽ സീ ഷെൽ എന്ന പേരിൽ ആര്യയ്ക്ക് ഹോട്ടലുകളുണ്ട്. ഇവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നികുതി വെട്ടിപ്പിനെത്തുടർന്നാണ് റെയ്ഡ് എന്നും വിവരങ്ങളുണ്ട്. സ്ഥാപനത്തിന്റെ പ്രധാന ബ്രാഞ്ചായ അണ്ണാനഗറിലടക്കം വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക് എന്നിവിടങ്ങളിൽ പരിശോധന തുടരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചെന്നൈ പൂമള്ളി ഹൈറോഡിലുള്ള ആര്യയുടെ വീട്ടിലും റെയ്ഡ് നടത്തുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സീഷെൽസ് ഹോട്ടലിന്റെ ഉടമസ്ഥതയിലല്ലെന്നാണ് ആര്യ പറയുന്നത്. മറ്റൊരു ബിസിനസുകാരന് കൈമാറിയിരുന്നുവെന്നും ഇയാൾക്കെതിരെയുള്ള അന്വേഷണത്തെത്തുടർന്നാണ് റെയ്ഡ് നടക്കുന്നതെന്നും ആര്യ പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട നടനാണ് ആര്യ. മദ്രസപ്പട്ടണം, സർപ്പട്ട പരമ്പരൈ, രാജാ റാണി, നാൻ കടവുൾ എന്നിവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.









0 comments