ഡോക്കിങ് പരീക്ഷണം തുടരും: ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചു

ഹൈദരാബാദ്: ബഹിരാകാശ ഡോക്കിങ് പരീക്ഷണം (സ്പെഡെക്സ്) തുടരുമെന്ന് ഐഎസ്ആർഒ(ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ). സാങ്കേതിക തകരാറിനെ തുടർന്ന് ബഹിരാകാശത്ത് ഇരട്ട ഉപഗ്രഹങ്ങളെ കൂട്ടി യോജിപ്പിക്കുന്ന ഡോക്കിങ് പരീക്ഷണം രണ്ട് തവണ മാറ്റി വച്ചിരുന്നു. ഇപ്പോൾ രണ്ട് ഉപഗ്രഹങ്ങളും ഏറ്റവും അടുത്ത പോയിന്റുകളിലാണുള്ളത്.
രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം കുറച്ച് 230 മീറ്റർ ഇന്റർ സാറ്റലൈറ്റ് ഡിസ്റ്റൻസിൽ ഐഎസ്ആർഒ വിജയകരമായി ക്രമീകരിച്ചു. അടുത്ത ഘട്ടം ഏറെ നിർണായകമാണ്. എസ്ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ ചെറിയ ഉപഗ്രഹങ്ങൾ ഡോക്കിങ്ങിനായി നിരീക്ഷിച്ചുവരികയാണ്. ഓരോ ഉപഗ്രഹത്തിനും ഏകദേശം 220 കിലോഗ്രാം ഭാരമുണ്ട്.
ഇരുപത് കിലോമീറ്റർ അകലത്തിൽ സഞ്ചരിച്ചിരുന്ന ഇരു ഉപഗ്രഹങ്ങളും ഞായറാഴ്‌ച ഒരു കിലോമീറ്റർ അടുത്തെത്തിയിരുന്നു. തുടർന്നുള്ള പാതയിൽ നേരിയ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്നാണ് ഡോക്കിങ് മാറ്റിയത്. സ്‌പെഡക്‌സ് ദൗത്യത്തിലെ രണ്ടാം പേടകത്തിന്റെ ക്ഷമതാ പരിശോധനാ വീഡിയോ ഐഎസ്‌ആർഒ പുറത്തു വിട്ടിരുന്നു.
കഴിഞ്ഞ മാസം 30 നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ജനുവരി 7, 9 തീയതികളിൽ ഷെഡ്യൂൾ ചെയ്തിരുന്ന പ്രാരംഭ ഡോക്കിങ്ങ് പരീക്ഷണം സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിയിരുന്നു. ഡോക്കിങ്ങ് പരീക്ഷണം വിജയിച്ചാൽ ഈ സാങ്കേതിക വിദ്യ സായത്തമാക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്‌ആർഒ.









0 comments