ഡൽഹി മുഖ്യമന്ത്രി ഓഫീസിൽ നിന്ന് അംബേദ്‌കറെയും ഭഗത് സിങ്ങിനെയും മാറ്റി ബിജെപി; പകരം നരേന്ദ്രമോദി

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബി ആർ അംബേദ്‌കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങൾ മാറ്റി പകരം നരേന്ദ്രമോദിയുടെ ചിത്രങ്ങൾ വെച്ച് ഡൽഹിയിലെ പുതിയ ബിജെപി സർക്കാർ. ഭരണകക്ഷിയായ ബിജെപിയുടെ നീക്കത്തിൽ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. ഭരണകക്ഷിയായ ബിജെപി "ദളിത് വിരുദ്ധരും സിഖ് വിരുദ്ധരു"മാണെന്ന് ഡൽഹി പ്രതിപക്ഷ നേതാവ് അതിഷി പറഞ്ഞു.
"ഭാരതീയ ജനതാ പാർടി ഇന്ന് രാജ്യത്തിന് മുന്നിൽ അവരുടെ ദളിത് വിരുദ്ധവും സിഖ് വിരുദ്ധവുമായ മുഖം കാണിച്ചു. അധികാരത്തിൽ വന്നയുടനെ അവർ ഡോ. ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മാറ്റി. പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ചു. മോദി അംബേദ്കറിനേക്കാളും ഭഗത് സിങ്ങിനേക്കാളും വലിയവനാണെന്ന് ബിജെപി കരുതുന്നുണ്ടോ?" അതിഷി ചോദിച്ചു.
ബിജെപി "ദശലക്ഷക്കണക്കിന് അംബേദ്‌കർ അനുയായികളുടെ" വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് സംഭവത്തിൽ ആം ആദ്മി പാർടി നേതാവ് അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. "ഡൽഹിയിലെ പുതിയ ബിജെപി സർക്കാർ അംബേദ്‌കറിന്റെ ഫോട്ടോ നീക്കം ചെയ്ത് പകരം പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ സ്ഥാപിച്ചു. ഇത് ശരിയല്ല. ഇത് ലക്ഷകണക്കിന് അംബേദ്‌കർ അനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി. ദയവായി അംബേദ്‌കറിന്റെ ഫോട്ടോ നീക്കം ചെയ്യരുത്." കെജ്‌രിവാൾ എക്‌സിൽ പറഞ്ഞു.









0 comments