ഹരിയാനയില്‍ ജാതിവിവേചനത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ഭരണകൂടം നടത്തിയ കൊലപാതകം: എം എ ബേബി

ചണ്ഡീഗഡിൽ പുരൻ കുമാറിന്റെ സംസ്‌കാരച്ചടങ്ങിൽ ഭാര്യ അംനീത്
കെ പി അക്ഷയ്
Published on Oct 16, 2025, 12:58 AM | 2 min read
ചണ്ഡീഗഡ് : ഹരിയാനയിൽ മുതിർന്ന ഉദ്യോഗസ്ഥരിൽനിന്ന് കടുത്ത ജാതിവിവേചനം നേരിട്ടതിനെ തുടർന്ന് ജീവനൊടുക്കിയ ഐപിഎസ് ഉദ്യോഗസ്ഥൻ വൈ പുരൻ കുമാറിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.
പൊലീസിന്റെ കനത്ത നിരീക്ഷണത്തിലുള്ള ചണ്ഡീഗഡ് 22 എ സെക്ടറിലുള്ള വീട്ടിലേക്കാണ് എം എ ബേബിയും മറ്റ് സിപിഐ എം നേതാക്കളും എത്തിയത്. രോഹിത് വെമുലയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ ഭരണകൂട കൊലപാതകമാണ് പുരൻ കുമാറിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് എം എ ബേബി പറഞ്ഞു. ദാരുണ സംഭവത്തിനുശേഷവും കുടുംബത്തെ സംഘടിതമായി വേട്ടയാടുകയാണ്. മാധ്യമങ്ങളിൽ പ്രത്യേകതരത്തിൽ പുരൻ കുമാറിനെ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ നരേന്ദ്ര മോദി ഭരണത്തിന് കീഴിൽ വ്യാപകമായി. അതാണ് ഹരിയാനയിലുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രകടമാവുന്നത്.
ചീഫ് ജസ്റ്റിസിനുനേരെ ചെരിപ്പെറിയാൻ ശ്രമിച്ചതെല്ലാം പൊതുവായ ബ്രാഹ്മണാധിപത്യ മനോഘടനയുടെ ഭാഗമാണ്. അതുകൊണ്ട് ഇതിനൊക്കെ അവസാനം കുറിക്കുന്നതിനുള്ള ശക്തമായ പ്രതികരണം ഇൗ അവസരത്തിലുണ്ടാകണം. മരണത്തിന് ഉത്തരവാദികളായവരെ മാറ്റിനിർത്തിക്കൊണ്ടുള്ള അന്വേഷണംവേണം. കുടുംബം ആവശ്യപ്പെടുന്നതുപോലെ സുപ്രീംകോടതിയുടെ കീഴിലായിരിക്കണം അന്വേഷണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും ബേബി പറഞ്ഞു. പുരൻ കുമാറിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അംനീത് പുരൻ കുമാറിനോടും കുടുംബാംഗങ്ങളോടും നേതാക്കൾ സംസാരിച്ചു. അച്ഛൻ മരണക്കിടക്കയിലായിരുന്നപ്പോൾപോലും പുരൻ കുമാറിന് അവധി ലഭിച്ചില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. നിരവധി തവണ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മരണത്തിന് ഒരു ദിവസം മുമ്പ് മാത്രമാണ് അവധി ലഭിച്ചത്.

(ഹരിയാനയിൽ ആത്മഹത്യചെയ്ത ഐപിഎസ് ഉദ്യോഗസ്ഥൻ വൈ പുരൻ കുമാറിന്റെ ചണ്ഡീഗഡിലെ വസതിയിൽ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആദരാഞ്ജലികൾ അർപ്പിക്കുന്നു. പൊളിറ്റ്‌ബ്യൂറോ അംഗം ബി വി രാഘവുലു സമീപം.)
പുരൻ കുമാറിനെതിരെയുണ്ടായത് സംഘടിതമായ ആക്രമണമാണ്. അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഹരിയാന സർക്കാർ പെരുമാറിയത് തീർത്തും അഹങ്കാരത്തോടെയും മോശം രീതിയിലുമായിരുന്നു. നീതി തേടിയവരെ അവഗണിക്കുകയും ചെയ്തു – കുടുംബാംഗങ്ങൾ പറഞ്ഞു.
സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കീഴിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന അഭിപ്രായവും കുടുംബാംഗങ്ങൾ സിപിഐ എം നേതാക്കളോട് പങ്കുവച്ചു. പൊളിറ്റ്‌ബ്യൂറോ അംഗം ബി വി രാഘവുലു, ഹരിയാന സംസ്ഥാന സെക്രട്ടറി പ്രേംചന്ദ്, മുൻ സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത് സിങ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സംസ്‌കാരം നടത്തി
എട്ട് ദിവസങ്ങൾക്ക് ശേഷം പുരൻ കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു. കൃത്യമായ അന്വേഷണമുണ്ടാകുമെന്ന് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് കുടുംബം പോസ്റ്റുമോർട്ടത്തിനും സംസ്‌കാരത്തിനും സമ്മതിച്ചത്. ഭാര്യ അംനീതും രണ്ട് പെൺമക്കളും അന്തിമോപചാരമർപ്പിച്ചു. പൊലീസ് ഗൺ സല്യൂട്ട് നൽകി. വിവിധ ദളിത് സംഘടന നേതാക്കളും പങ്കെടുത്തു.
ജുഡീഷ്യൽ അന്വേഷണം വേണം, പ്രധാനമന്ത്രിക്ക് കത്തയച്ചു
ഹരിയാനയിലെ ഐപിഎസ് ഉദ്യോഗസ്ഥൻ വൈ പുരൻ കുമാർ ആത്മഹത്യ ചെയ്‌ത സംഭവത്തിലെ സത്യം പുറത്തുകൊണ്ടുവരുന്നതിനും നീതി ഉറപ്പുവരുത്തുന്നതിനുമായി സുതാര്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജാതി അധിക്ഷേപമുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതിനായി സുപ്രീംകോടതി ജഡ്‌ജിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം. പുരൻ കുമാർ ആരോപണമുന്നയിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും അന്വേഷണം തീരുംവരെ സസ്‌പെൻഡ് ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടു.









0 comments