ദൃശ്യം കണ്ട് ആസൂത്രണം; ഭാര്യയെ കൊന്ന് തീച്ചൂളയിലിട്ട് കത്തിച്ചു, തെറ്റിദ്ധരിപ്പിക്കാൻ മറ്റൊരാൾക്ക് 'ഐ ലവ് യു' സന്ദേശം

പൂനെ: 'ദൃശ്യം' സിനിമ കണ്ട് സിനിമയെ പോലും വെല്ലുന്ന തരത്തിൽ ഭാര്യയെ കൊന്ന് കത്തിച്ച ഭർത്താവ് പിടിയിൽ. ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം താത്കാലികമായി നിർമ്മിച്ച ചൂളയിൽ കത്തിച്ചു കളഞ്ഞ ശേഷം ദിവസങ്ങളോളം പൊലീസിനെ തെറ്റിദ്ധരിപ്പിച്ച പൂനെ സ്വദേശിയായ സമീർ ജാദവ് (34) ആണ് പിടിയിലായത്. 38കാരിയായ അഞ്ജലി സമീർ ജാദവിവ് ആണ് കൊല്ലപ്പെട്ടത്. യുവതിക്ക് അവിഹിതബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ കൊലപാതകത്തിന് ശേഷം അവരുടെ ഫോണിൽ നിന്ന് മറ്റൊരാൾക്ക് 'ഐ ലവ് യു' സന്ദേശം അയക്കുകയും ചെയ്തിരുന്നു.
വാഹനം റിപ്പയർ ചെയ്യുന്ന ഗാരേജ് നടത്തുകയായിരുന്നു 34കാരനായ സമീർ ജാദവ്. ഒരു സ്വകാര്യ സ്കൂൾ അധ്യാപികയായിരുന്നു അഞ്ജലി. 2017-ൽ വിവാഹിതരായ ഇവർക്ക് മൂന്നിലും അഞ്ചിലുമായി പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം.
പൊലീസ് സമീറിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. നടൻ അജയ് ദേവ്ഗൺ പ്രധാന വേഷത്തിലെത്തിയ 'ദൃശ്യം' എന്ന സിനിമ നാല് തവണ കണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
ഒക്ടോബർ 26-ന് വാടകയ്ക്കെടുത്ത പുതിയ ഗോഡൗൺ കാണിക്കാമെന്ന് പറഞ്ഞ് സമീർ ഭാര്യയെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാൻ നേരത്തെ തന്നെ ഇയാൾ ഇരുമ്പ് ചൂള ഉണ്ടാക്കി തയ്യാറാക്കി വച്ചിരുന്നു. മൃതദേഹം ചൂളയിലിട്ട് കത്തിച്ച ശേഷം ചാരം അടുത്തുള്ള നദിയിൽ ഒഴുക്കി. സംഭവസമയത്ത് ഇവരുടെ കുട്ടികൾ ദീപാവലി അവധിക്കായി നാട്ടിലായിരുന്നു.
ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് ആദ്യം കരുതിയതെങ്കിലും, സമീറിന് തന്നെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മാത്രമല്ല, ഭാര്യയുടെ സ്വഭാവത്തിൽ സംശയം ജനിപ്പിക്കാനായി അഞ്ജലിയുടെ ഫോൺ ഉപയോഗിച്ച് ഇയാൾ തന്റെ ഒരു സുഹൃത്തിന് 'ഐ ലവ് യു' എന്ന സന്ദേശം അയക്കുകയും, തുടർന്ന് അതിന് സ്വയം മറുപടി അയക്കുകയും ചെയ്തു. ഇത് അഞ്ജലിയുടെ അവിഹിതബന്ധത്തിന്റെ വ്യാജ ഡിജിറ്റൽ തെളിവുണ്ടാക്കാനുള്ള ശ്രമമായിരുന്നു.
കൊലപാതകത്തിന് ശേഷം സമീർ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി. ദിവസങ്ങളോളം ഇയാൾ പൊലീസ് സ്റ്റേഷനിൽ പോവുകയും കാണാതായ ഭാര്യയെ എപ്പോൾ കണ്ടെത്തുമെന്നും "കൊലയാളിയെ" കണ്ടെത്തുന്നതിൽ എത്രത്തോളം പുരോഗതിയുണ്ടായി എന്നും ആവർത്തിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ, ഈ അമിതമായ 'അന്വേഷണം' പൊലീസിൽ സംശയമുണ്ടാക്കി. അങ്ങനെയാണ് അന്വേഷണം ഇയാളിലേക്ക് തിരിയുന്നത്.
തുടർച്ചയായുള്ള ചോദ്യം ചെയ്യലുകൾ, സിസിടിവി പരിശോധന, സാങ്കേതികമായ അന്വേഷണം എന്നിവയിലൂടെയാണ് കേസ് തെളിഞ്ഞതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് സാംഭാജി കദം പറഞ്ഞു. സമീറിന്റെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പൊലീസിന് സംശയം വർദ്ധിപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. വാർജെ മാൽവാഡി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം കൂടുതൽ അന്വേഷണത്തിനായി രാജ്ഗഡ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.









0 comments