രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങൾക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി : ഡൽഹി, മുംബൈ എന്നിവയുൾപ്പെടെ അഞ്ച് വിമാനത്താവളങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി വിമാനത്താവളവൃത്തങ്ങൾ അറിയിച്ചു. പരിശോധനയിൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം എന്നീ അഞ്ച് വിമാനത്താവളങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിനുപിന്നാലെ രാജ്യമാകെ സുരക്ഷ വർധിപ്പിച്ച പശ്ചാത്തലത്തിൽ ബോംബ് ഭീഷണിയെത്തിയത് ആശങ്ക സൃഷ്ടിച്ചു.
24 മണിക്കൂറിനുള്ളിൽ അഞ്ച് വിമാനത്താവളങ്ങൾ ആക്രമിക്കപ്പെടുമെന്നാണ് ഇന്ന് ഉച്ചകഴിഞ്ഞ് എയർലൈനിന് സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചതിനെത്തുടർന്ന്, ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണി വിലയിരുത്തൽ സമിതി (ബിടിഎസി) യോഗം ചേർന്നു. എല്ലായിടങ്ങളിലും പരിശോധന നടത്തിയ ശേഷം ഭീഷണികൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാജ്യ തലസ്ഥാനത്ത് നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിമാനത്താവളങ്ങളിലും എല്ലാ വിമാനങ്ങൾക്കും നിർബന്ധിത സെക്കൻഡറി ലാഡർ പോയിന്റ് പരിശോധന ഉൾപ്പെടെയുള്ളവ നടത്തുന്നുണ്ട്.
ബുധനാഴ്ച മുംബൈയിൽ നിന്ന് വാരണാസിയിലേക്ക് 170 ലധികം യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. വിമാനം വാരണാസി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയതായി എയർലൈൻ അറിയിച്ചു.









0 comments