പ്രതികാര ചുങ്കം ചുമത്തിയവർക്ക് ഇളവ്
വിളവെടുപ്പിനിടെ വിലയിടിക്കാൻ കേന്ദ്ര സർക്കാർ; പരുത്തി ഇറക്കുമതി ചുങ്കം പിൻവലിച്ചു


എൻ എ ബക്കർ
Published on Aug 28, 2025, 06:31 PM | 3 min read
വസ്ത്ര വ്യവസായത്തിലെ പ്രധാനമായ അസംസ്കൃത വസ്തുവായ പരുത്തി ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന ചുങ്കം പിൻവലിച്ച് കേന്ദ്ര സർക്കാർ. 2021 ഫെബ്രുവരിയിൽ ഏർപ്പെടുത്തിയിരുന്ന 11% ഇറക്കുമതി ചുങ്കം ഓഗസ്റ്റ് 18 മുതൽ നീക്കുകയാണെന്ന് പ്രഖ്യാപിച്ചു.
പരുത്തി വിളവെടുപ്പ് സീസൺ തുടങ്ങിയിരിക്കുമ്പോഴാണ് ഇറക്കുമതി നിയന്ത്രണം പാടെ പിൻവലിക്കുന്നത്. കർഷകർക്ക് ഇത് വലിയ തിരിച്ചടിയാവും.
രാജ്യത്ത് ഏകദേശം 60 ലക്ഷം കർഷകർ നേരിട്ട് പരുത്തി കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ഉത്പാദനം കുത്തനെ കുറഞ്ഞതിനെ തുടർന്ന് വ്യവസായത്തിന് അസംസ്കൃത വസ്തു ക്ഷാമം നേരിടേണ്ടി വന്നിരുന്നു. 2024-25 സീസണിൽ ഉൽപാദനം വെറും 294 ലക്ഷം ബെയിൽ മാത്രമായിരിക്കുമെന്ന് കണക്കാക്കുന്നു. ഇത് കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതാണ്. ആവശ്യകത 318 ലക്ഷം ബെയിൽ വരെയാണ്.
ഇറക്കുമതി വർധിക്കുന്നു- ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് കണക്ക് പ്രകാരം പരുത്തി ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വർഷം 107% ഉയർന്നു. 1.20 ബില്യൺ ഡോളറായി. പ്രധാന വിതരണക്കാർ അമേരിക്ക, ഓസ്‌ട്രേലിയ, ബ്രസീൽ, ഈജിപ്ത്.
ആവശ്യകത മുൻനിർത്തിയാണ് ഇറക്കുമതി ചുങ്കം പിൻവലിക്കുന്നതിന് ന്യായം പറയുന്നത്. ട്രംപിന്റെ പ്രതികാര ചുങ്കം വന്നതോടെ ആവശ്യകത കുത്തനെ ഇടിയുന്ന സാഹചര്യം പരിഗണിച്ചില്ല. കൃഷി ചെയ്ത് ജീവിക്കുന്നവരെ കൂടി ഈ ഘട്ടത്തിൽ പ്രതിസന്ധിയിലാക്കുന്ന നീക്കം എന്നാണ് കർഷകർ പ്രതികരിക്കുന്നത്. അമേരിക്കയിൽ നിന്നാണ് മുഖ്യ ഇറക്കുമതി. അവർക്കാണ് ചുങ്കം നീക്കി നൽകിയിരിക്കുന്നത്.
ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ കണക്കുകൾ പ്രകാരം, 2023-24 സാമ്പത്തിക വർഷത്തെ 579.2 മില്യൺ ഡോളറിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 1.20 ബില്യൺ ഡോളറായി ഇറക്കുമതി 107% വർധിച്ചു. പ്രധാന ഇറക്കുമതി രാജ്യങ്ങൾ ഓസ്‌ട്രേലിയ (258.2 മില്യൺ ഡോളർ), അമേരിക്ക (234.1 മില്യൺ ഡോളർ), ബ്രസീൽ (180.8 മില്യൺ ഡോളർ), ഈജിപ്ത് (116.3 മില്യൺ ഡോളർ) എന്നിവയാണ്.
സർക്കാർ പരുത്തി കർഷകരിൽ നിന്ന് 100 ലക്ഷം ബെയിൽ പരുത്തി കുറഞ്ഞ വിലയ്ക്ക് വാങ്ങി (MSP). ഇതിനായി ₹37,500 കോടി ചെലവഴിക്കുകയും അതിൽ 73 ലക്ഷം ബെയിൽ വിപണിയിൽ വിൽക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന 2025-26 സീസണിൽ പരുത്തിയുടെ MSP 8% ഉയർത്തുകയും ചെയ്തു.
എന്നാൽ ചുങ്കം ഒഴിവാക്കിയതിൽ കർഷകരിൽ ആശങ്ക നിലനിൽക്കുന്നു. ഇറക്കുമതി ചുങ്കം ഒഴിവാക്കുന്നത് കർഷകരെ പരുത്തി കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കും എന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ദക്ഷിണേന്ത്യ കോൺവീനർ കുരുമ്പൂർ ശാന്തകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. ഇറക്കുമതി ചുങ്കം ഒഴിവാക്കൽ കർഷകർക്ക് നഷ്ടം മാത്രമാണ് നൽകുക എന്ന് ചൂണ്ടികാട്ടി.
വ്യവസായ മേഖലയിലെ ഉന്നത ബന്ധമുള്ളവരുടെ സമ്മർദ്ദമാണ് കർഷകർക്ക് വിനയായത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ഇന്ത്യയിലെ വിളവെടുപ്പ് സീസണിൽ തന്നെ ഇറക്കുമതി ചുങ്കം ഒഴിവാക്കണം എന്നതാണ് വ്യവസായികൾ മുന്നോട്ടു വെച്ച ആവശ്യം. പ്രതികാര ചുങ്കം വരുന്നതിന് മുൻപ് തന്നെ പരുത്തി വാങ്ങാൻ എംഎസ്‌എംഇ മില്ലുകൾക്ക് 5% പലിശ ഇളവോടെ വായ്പാ സൗകര്യം അനുവദിച്ചി വരുന്നുണ്ട്. ഇത് വർധിപ്പിക്കണം എന്ന ആവശ്യം നിലനിൽക്കയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്) ഈ തീരുമാനത്തെ അടിസ്ഥാനപരമായി കർഷക വിരുദ്ധവും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ചെറുകിട, നാമമാത്ര പരുത്തി കർഷകർക്ക് വിനാശകരവുമാണെന്ന് അപലപിച്ചു.
ഇന്ത്യയിൽ, ജൂൺ മുതൽ ജൂലൈ വരെയുള്ള കാലയളവിലാണ് പരുത്തി വിതയ്ക്കുന്നത്. ഓഗസ്റ്റ് പകുതിയോടെ, മിക്ക പരുത്തി കർഷകരും വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ, ജലസേചനം എന്നിവയിൽ ഇതിനകം തന്നെ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. വിളവെടുപ്പ് സീസണിൽ അവരുടെ ചെലവുകൾ തിരിച്ചുപിടിക്കാനും മിതമായ ലാഭം നേടാനും കഴിയുമെന്ന പ്രതീക്ഷയോടെയാണ് അവർ ഇത് ചെയ്യുന്നത്. ഇപ്പോൾ, ഇറക്കുമതി ചെയ്ത വില കുറഞ്ഞ പരുത്തിയുടെ ലഭ്യത കാരണം വിപണി വില കുറയാനുള്ള സാധ്യതയാണ്. ഇതോടെ കർഷകർ കൂടുതൽ സാമ്പത്തിക നാശത്തിലേക്ക് കൂപ്പു കുത്തും.
യുഎസ് പരുത്തി കർഷകർക്ക് ഗണ്യമായ സർക്കാർ സബ്‌സിഡികൾ ലഭിക്കുന്നു, ഇത് അവരുടെ ഉൽപാദനത്തിന്റെ മൊത്തം മൂല്യത്തിന്റെ ഏകദേശം 12% വരും. സംസ്ഥാന പിന്തുണയുള്ള ഈ പിന്തുണ വളരെ കുറഞ്ഞ ഫലപ്രദമായ ചെലവിൽ പരുത്തി ഉത്പാദിപ്പിക്കാൻ അവരെ അനുവദിക്കുന്നു. ഇതിനു വിപരീതമായി, ഇന്ത്യൻ കർഷകർക്ക് സർക്കാരിൽ നിന്ന് വളരെ കുറച്ച് സഹായം മാത്രമേ ലഭിക്കുന്നുള്ളൂ - അവരുടെ ഉൽപാദന മൂല്യത്തിന്റെ ഏകദേശം 2.37% മാത്രം.









0 comments