നവംബർ അവസാനത്തോടെ കരാർ ഒപ്പിടും, സോയാബീൻ, ചോളം, ഒന്നിലേറെ ക്ഷീരോൽപ്പന്നങ്ങൾ തുടങ്ങിയവയ്‌ക്ക് ഇന്ത്യ തീരുവ ഒഴിവാക്കി നൽകും
print edition ക്ഷീരോൽപ്പന്നങ്ങള്‍ ഇന്ത്യ വാങ്ങും ; ഇന്ത്യ – യുഎസ് വ്യാപാര കരാർ ഉടൻ

ന്യൂഡൽഹി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീട്ടൂരങ്ങൾക്ക് മുന്പിൽ മുട്ടുകുത്തി അമേരിക്കയുമായി ഉഭയകക്ഷി വ്യാപാര കരാർ(ബിടിഎ) ഒപ്പിടാൻ ഇന്ത്യ. നവംബർ അവസാനത്തോടെ കരാർ ഒപ്പിടുമെന്നും സോയാബീൻ, ചോളം, ഒന്നിലേറെ ക്ഷീരോൽപ്പന്നങ്ങൾ തുടങ്ങിയവയ്‌ക്ക് ഇന്ത്യ തീരുവ ഒഴിവാക്കി നൽകുമെന്നുമാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ പുതിയ യുഎസ് സ്ഥാനപതി സെർജിയോ ഗോറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയുമായി ഉടൻ കരാർ ഒപ്പിടുമെന്ന് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പനങ്ങൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം അധിക തീരുവ, വ്യവസ്ഥകൾക്ക് വഴങ്ങിയതോടെ അമേരിക്ക കുറച്ചുനൽകുമെങ്കിലും പൂർണ്ണമായി ഒഴിവാക്കില്ല. ഇന്ത്യക്കുള്ള തീരുവ 20 ശതമാനത്തിൽ താഴെയാക്കാമെന്നാണ് വാഗ്‌ദാനം. എന്നാൽ യൂറോപ്യൻ യൂണിയന് സമാനമായി 15 ശതമാനത്തിൽ താഴെയാക്കി നിജപ്പെടുത്തണമെന്ന് ഇന്ത്യ വാദിക്കുന്നുണ്ടെങ്കിലും അംഗീകരിച്ചേക്കില്ല.
ക്ഷീരോൽപ്പന്നങ്ങളുടെയും ചോളമടക്കമുള്ള ധാന്യങ്ങളുടെയും ഇറക്കുമതി കർഷകതാൽപര്യം പരിഗണിച്ച് മാത്രമേ ചെയ്യുവെന്ന് കേന്ദ്രം അവകാശപ്പെടുന്നു. നിലവിലുള്ള കാർഷിക പ്രതിസന്ധിയും ആഭ്യന്തര വിലയിടിവും വീണ്ടും രൂക്ഷമാക്കുന്നതാണ് കരാർ എന്നാണ് പ്രധാന വിമർശം. അമേരിക്കയ്‌ക്ക് ഇന്ത്യൻ വിപണി പൂർണ്ണമായും തുറന്നുനൽകുന്നതാണ് കരാർ.
കേന്ദ്രസർക്കാർ നൽകിയ ശുപാർശകളിൽ അന്തിമ തീരുമാനവും യുഎസ് ഭരണകൂടം ഉടൻ എടുക്കും. ട്രംപിന്റെ ഭീഷണിക്കും പ്രതികാര ചുങ്കത്തിനും മുന്നിൽ പതറിയ മോദി സർക്കാർ റഷ്യൻ എണ്ണയുടെ ഇറക്കുമതി വെട്ടിച്ചുരുക്കിയതാണ് കരാർ യാഥാർഥ്യത്തിലേയ്‌ക്ക് അടുപ്പിച്ചത്.









0 comments