ഡോവൽ റഷ്യയിലെത്തി , ജയ്‌ശങ്കറും മോസ്‌കോയിലേക്ക്
ഇന്ത്യ–യുഎസ് ബന്ധം വഷളാകുന്നു ; മോദി ചൈനയിലേക്ക്

ന്യൂഡൽഹി
ഇന്ത്യ–അമേരിക്ക വ്യാപാരബന്ധം വഷളാകുന്ന പശ്ചാത്തലത്തിൽ ഗത്യന്തരമില്ലാതെ ചൈനയും റഷ്യയുമായി അടുക്കാൻ മോദി സർക്കാരിന്റെ ശ്രമം. ചൈനയിലെ ത്യാൻജിനിൽ ആഗസ്‌ത് 31, സെപ്‌തംബർ ഒന്ന് തീയതികളിൽ നടക്കുന്ന ഷാങ്‌ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായും മോദി ഉഭയകക്ഷി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്. റഷ്യയുമായുള്ള ബന്ധം ദൃഡപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്‌കോയിലെത്തി. വിദേശമന്ത്രി എസ് ജയ്‌ശങ്കർ ഈ മാസം അവസാനം റഷ്യയിലെത്തും.
2020ൽ ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിനു ശേഷം മോദി ചൈന സന്ദർശിച്ചിട്ടില്ല. 2019ലാണ് മോദി അവസാനമായി ചൈനയിലെത്തിയത്. 2024 ഒക്‌ടോബറിൽ റഷ്യയിൽ കസാനിൽ ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തിയശേഷം നയതന്ത്ര ബന്ധം മെച്ചപ്പെട്ടിരുന്നു.
അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയുമുണ്ടായി. ഈവർഷം കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കുകയും ചെയ്‌തു. ജൂണിൽ ചേർന്ന എസ്‌സിഒ പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തിൽ സംയുക്ത പ്രസ്‌താവനയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഒപ്പുവെച്ചിരുന്നില്ല. പഹൽഗാം ഭീകരാക്രമണം പ്രസ്‌താവനയിൽ പരാമർശിക്കാത്ത സാഹചര്യത്തിലാണ് വിട്ടുനിന്നത്. ജൂലൈയിൽ പഹൽഗാം ആക്രമണത്തെ അപലപിച്ച് ചൈന പ്രസ്‌താവന പുറപ്പെടുവിച്ചു.
പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ–റഷ്യ ധാരണ
റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ്കുമാർ റഷ്യൻ പ്രതിരോധ സഹമന്ത്രി അലക്‌സാണ്ടർ ഫോമിനുമായി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്നും പ്രതിരോധസഹകരണം വർധിപ്പിക്കുമെന്നും ഇരുവരും പറഞ്ഞു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക രംഗത്തെത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്‌ച.









0 comments