ബിഗ് ക്യാറ്റുകളുടെ സംരക്ഷണത്തിനും വംശവർധനവിനും അന്താരാഷ്ട്ര വേദിയുമായി ഇന്ത്യ


എം സനോജ്
Published on Feb 26, 2025, 04:47 PM | 2 min read
നിലമ്പൂർ: മാർജ്ജാര വംശത്തിലെ സർവ്വനാശ ഭീഷണിയിലായ മൃഗ തലമുറകളെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും അന്താരാഷ്ട്ര തലത്തിൽ ഇടപെടലുമായി ഇന്ത്യ.
ഇൻറർ നാഷണൽ യൂണിയൻ ഫോർ കൺസർവേഷൺ ഓഫ് നേച്ചർ റെഡ് ഡാറ്റബുക്കിൽ (The IUCN Red list of Threatened Species) ഉൾപ്പെട്ട മൃഗങ്ങളുടെ സംരക്ഷണത്തിനാണ് പൊതുവേദി രൂപീകരിക്കുന്നത്.
വംശനാശ ഭീഷണി നേരിടുന്ന വലിയ പൂച്ച ( ബിഗ് ക്യാറ്റ്) ഇനത്തിൽപ്പെട്ട ഏഴിനം വന്യജീവികളുടെ സംരക്ഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ മാതൃകയിൽ അന്തരാഷ്ട്ര വേദിയാണ് ഒരുങ്ങുന്നത്.
കടുവ (പന്തേര ട്രൈഗീസ്) സിംഹം(പന്തേര ലിയോ) പുള്ളിപ്പുലി, (പന്തേര പാർഡസ്) ഹിമപ്പുലി (പന്തേര അൻസിയ) ചീറ്റ (അസിനോനിക്സ് ജുബാറ്റസ്) ജാഗ്വാർ (പന്തേര ഓങ്ക) പ്യൂമ (പ്യൂമ കോൺകളർ) എന്നീ ഏഴിനം വലിയ പൂച്ച ഇനത്തിൽപ്പെട്ട വന്യജീവികളെ സംരക്ഷിക്കാനാണ് പദ്ധതി.

ഇൻറെർ നാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഇബ്ക) എന്ന പേരിലാണ് ഏജൻസി നിലവിൽ വരിക. ഇന്ത്യ, നിക്കരാഗ്വ, എസ്വാറ്റിനി, സൊമാലിയ, ലൈബീരിയ എന്നീ അഞ്ച് രാജ്യങ്ങൾ ധാരണാപത്രത്തിൽ ഒപ്പു വെച്ചു. വന്യജീവികളുടെ ആവാസകേന്ദ്രങ്ങളുള്ള ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങൾ ഇബ്കയിലും അംഗങ്ങളാകും. 27 രാജ്യങ്ങൾ ധാരണാ പത്രം അംഗീകരിച്ചിട്ടുണ്ട്.
.
ഇതിന് പുറമെ നൂറിലധികം രാജ്യങ്ങൾ ഇബ്കയിൽ അംഗങ്ങളാകും. ഇന്ത്യയുടെ നേതൃത്വത്തിൽ സ്ഥാപിതമാകുന്ന ഏജൻസിയുടെ ആസ്ഥാനം ഡൽഹി ആയിരിക്കും. ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ മുൻ മെമ്പർസെക്രട്ടറിയും വിരമിച്ച ഐഎഎഫ്എസ് ഉദ്യോഗസ്ഥനുമായ എസ് പി യാദവാണ് ഇബ്കയുടെ ജനറൽ സെക്രട്ടറി. ഇന്ത്യയ്ക്ക് തന്നെയായിരിക്കും ഈ രാജ്യങ്ങളുടെ ഏകോപന ചുമതല.
വന്യജീവികളുടെ ആഗോളാടിസ്ഥാനത്തിലുള്ള സംരക്ഷണത്തിന് ഏകീകൃത സ്വാഭവം കൊണ്ടുവരും. ഏഴിനം വന്യജിവീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതോടെപ്പം ഇവയുടെ വംശനാശ ഭീഷണി തടയാനും കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നാഷണൽ ടൈഗർ കൺസർവേഷൺ അതോറിറ്റി (എൻടിസിഎ) ഇൻസ്പെക്ടർ ജനറൽ ഡോ. സഞ്ജയൻ കുമാർ ഐഎഫ്എസ് ദേശാഭിമാനിയോട് പറഞ്ഞു.
ഇവ നേരിടുന്ന വേട്ടയാടൽ, ആവാസ വ്യവസ്ഥകളടെ നാശവും നശീകരണവും, മനുഷ്യ വന്യജീവി സംഘർഷം, കാലവാസ്ഥ വ്യതിയാനവും വനനശീകരണവും എന്നിവയ്ക്കും പരിഹാരം കാണാൻ വേദി ലക്ഷ്യമിടുന്നു. 
വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഷെഡ്യൂൾ 1 ൽ പ്പെടുന്ന ഇനങ്ങളാണ് ഈ അന്താരാഷ്ട്ര വേദിയുടെ പരിഗണനയിൽ വരുന്ന മൃഗങ്ങളിൽ ഭൂരിഭാഗവും.

ദേശീയ കടുവ സംരക്ഷണ അതോറിറ്റി (NTCA) പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ കീഴിൽ കഴിഞ്ഞ വർഷം കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകിയ പദ്ധതിയാണ്. നടപടി ക്രമങ്ങൾ ജനുവരിയോടെയാണ് പൂർത്തിയായത്.
ചിത്രങ്ങൾക്ക് കടപ്പാട്: സുജീഷ് പുത്തൻ വീട്ടിൽ,രാജു കോട്ടക്കൽ, രൂപേഷ് കുളപ്പുള്ളി. വൈൽഡ് ഫോട്ടോഗ്രാഫേഴ്സ്









0 comments