ബോട്സ്വാനയിൽ നിന്ന് 8 ചീറ്റകൾ ഇന്ത്യയിലേക്ക്: നാലെണ്ണം അടുത്ത മാസം എത്തുമെന്ന് റിപ്പോർട്ട്

ഭോപ്പാൽ : ദക്ഷിണാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിക്കുമെന്ന് റിപ്പോർട്ട്. എട്ടു ചീറ്റകളെയാണ് രണ്ട് ഘട്ടങ്ങളിലായി എത്തിക്കുക. അവയിൽ നാലെണ്ണത്തെ അടുത്ത മാസം എത്തിക്കുമെന്ന് അധികൃതർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചതെന്ന് മധ്യപ്രദേശ് സർക്കാർ പ്രസ്താവനയിറക്കി. കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ഭൂപേന്ദർ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവുമടക്കം പങ്കെടുത്ത് ഭോപ്പാലിൽ നടന്ന ചീറ്റ പ്രോജക്ട് റിവ്യൂ മീറ്റിങ്ങിലാണ് വിവരമറിയിച്ചത്.
സൗത്ത് ആഫ്രിക്കയിലെ ബോട്സ്വാന, കെനിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ചീറ്റകളെ എത്തിക്കാനാണ് ശ്രമിക്കുന്നത്. ബോട്സ്വാനയിൽ നിന്ന് ആദ്യപടിയായി മെയ് മാസത്തിൽ നാല് ചീറ്റകളെയും തുടർന്ന് ബാക്കിയുള്ളവയേയും കൊണ്ടുവരും. കെനിയയുമായി എഗ്രിമെന്റ് ചർച്ച നടക്കുകയാണെന്നും അധികൃതർ പറഞ്ഞു. ഇതുവരെ 112 കോടി രൂപയാണ് ചീറ്റ പ്രോജക്ടിനായി ചെലവാക്കിയതെന്നും അതിൽ 67 ശതമാനവും മധ്യപ്രദേശിലെ ചീറ്റകളുടെ പുനരധിവാസത്തിനായിരുന്നുവെന്നും എൻടിസിഎ അധികൃതർ വ്യക്തമാക്കുന്നു.
പ്രോജക്റ്റ് ചീറ്റയ്ക്ക് കീഴിൽ ചീറ്റകളെ ഘട്ടംഘട്ടമായി ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. രാജസ്ഥാൻ അതിർത്തിയോട് ചേർന്നാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. അതിനാൽ മധ്യപ്രദേശും രാജസ്ഥാനും തമ്മിൽ ഒരു അന്തർ സംസ്ഥാന ചീറ്റ സംരക്ഷണ മേഖല സ്ഥാപിക്കുന്നതിനായി കരാറുണ്ടാക്കുമെന്നും അധികൃതർ പറയുന്നു. നിലവിൽ കുനോയിൽ 26 ചീറ്റകളാണുള്ളത്. അവയിൽ 26 എണ്ണം തുറന്ന വനത്തിലും മറ്റുള്ളവ പുനരധിവാസ കേന്ദ്രത്തിലുമാണ്. ചീറ്റപ്പുലികളെ നിരീക്ഷിക്കുന്നതിനായി സാറ്റലൈറ്റ് കോളർ ഐഡികൾ ഉപയോഗിച്ച് 24 മണിക്കൂറും ട്രാക്കിംഗ് നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചീറ്റകളെ പരിപാലിക്കുന്നതിനായി കുനോയിലും ഗാന്ധി സാഗറിലും പ്രത്യേക പരിശീലനം നൽകും. പെൺചീറ്റകളായ ജ്വാല, ആശ, ഗാമിനി എന്നിവ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.
കുനോയിൽ ചീറ്റ സഫാരി ആരംഭിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആണും ഉൾപ്പെടെ എട്ട് നമീബിയൻ ചീറ്റകളെ 2022 സെപ്തംബറിലാണ് കുനോയിൽ തുറന്നുവിട്ടത്. പിന്നീട് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെക്കൂടി കൊണ്ടുവന്നു.









0 comments