തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കാൻ ഇന്ത്യയും റഷ്യയും

india russia relations

ഓറസ് ലിമോസിൻ കാറിൽ പുടിനൊപ്പം മോദി

വെബ് ഡെസ്ക്

Published on Sep 02, 2025, 03:20 AM | 1 min read


ന്യൂഡൽഹി

ഇന്ത്യയും റഷ്യയുമായുള്ള തന്ത്രപര പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ്‌ വ്ലാദിമിർ പുടിനും ചൈനയിലെ തിയാൻജിനിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ധാരണയായി. ഉക്രയ്‌ൻ യുദ്ധമടക്കം വിവിധ വിഷയങ്ങൾ ചർച്ചയായി. സാമ്പത്തിക – ഉ‍ൗർജ – ധനമേഖലകളിലെ വ്യാപാര ബന്ധത്തിൽ സമീപകാലത്ത്‌ വന്നിട്ടുള്ള വളർച്ചയും വിലയിരുത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ യോജിപ്പോടെ നിന്ന രാജ്യങ്ങളാണ്‌ റഷ്യയും ചൈനയുമെന്ന്‌ പ്രധാനമന്ത്രി മോദി പറഞ്ഞു. പരസ്‌പര സമ്പർക്കം എപ്പോഴുമുണ്ട്‌. 23–ാം ഇന്ത്യ–റഷ്യ ഉച്ചകോടി ഇ‍ൗവർഷം അവസാനംചേരും. പുടിൻ ഇ‍ൗ യോഗത്തിനെത്തുന്നത്‌ കാത്തിരിക്കുകയാണ്‌. ഇ‍ൗ സഹകരണം ആഗോള സമാധാനത്തിനും സുസ്ഥിരതയ്‌ക്കും അനിവാര്യമാണ്‌.


ഇരുകക്ഷികളും ക്രിയാത്മകമായി നീങ്ങണം. യുദ്ധം അവസാനിപ്പിക്കുകയെന്നത്‌ മാനവരാശിയുടെയാകെ താൽപ്പര്യമാണ്‌– മോദി പറഞ്ഞു. ​ലോകരാജ്യങ്ങൾക്ക്‌ മേൽ അമേരിക്ക പ്രഖ്യാപിച്ച തീരുവയുദ്ധമടക്കം ചർച്ചയായതായാണ്‌ റിപ്പോർട്ട്‌. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നുവെന്ന്‌ ആരോപിച്ചാണ്‌ ഇന്ത്യയ്‌ക്ക്‌ മേൽ 25 ശതമാനം അധികതീരുവ കൂടി ട്രംപ്‌ അടിച്ചേൽപ്പിച്ചത്‌. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരാൻ പുടിനുമായുള്ള സംഭാഷണത്തിൽ ധാരണയായതായും സൂചനയുണ്ട്‌.


മോദിക്ക്‌ പുടിന്റെ ലിഫ്‌റ്റ്‌

എസ്‌സി‌ഒ ഉച്ചകോടിക്കിടെ ഉഭയകക്ഷിചർച്ച നടന്ന സ്ഥലത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം വാഹനത്തിൽ ലിഫ്റ്റ് നൽകി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഓറസ് ലിമോസിൻ കാറിൽ മാർഗമധ്യേ ഇരുനേതാക്കളും സംഭാഷണം തുടർന്നു. ഹോട്ടലിൽ എത്തിയശേഷവും വാഹനത്തിൽനിന്ന്‌ ഇറങ്ങാതെ ചർച്ച തുടർന്നതായും 50 മിനിറ്റ് സംഭാഷണം തുടർന്നുവെന്നും റഷ്യൻ ദേശീയ റേഡിയോ സ്റ്റേഷൻ വെസ്റ്റി എഫ്എം റിപ്പോർട്ട്ചെയ്‌തു.ഇരുനേതാക്കളും ഒരു മണിക്കൂറോളം കാറിലിരുന്ന് സംസാരിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ലിമോസിനിനുള്ളിൽ പുടിനൊപ്പമുള്ള ചിത്രം മോദി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പുടിനുമായുള്ള സംഭാഷണം എപ്പോഴും ഉൾക്കാഴ്‌ച നൽകുന്നതാണെന്നു മോദി പറഞ്ഞു. മോദിയും പുടിനും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട രഹസ്യസംഭാഷണമാണിതെന്ന് മോസ്‌കോയിലെ നിരീക്ഷകർ അഭിപ്രായപ്പെട്ടു. കൂടുതൽ ചർച്ചകൾക്കായി ഡിസംബറിൽ പുടിൻ ഇന്ത്യയിലെത്തും.



deshabhimani section

Related News

View More
0 comments
Sort by

Home