ഇന്ത്യക്ക്‌ പിന്തുണയുമായി ലോകരാജ്യങ്ങൾ

INDIA PAK
avatar
സ്വന്തം ലേഖകൻ

Published on May 24, 2025, 12:10 AM | 1 min read

ന്യൂഡൽഹി: ഭീകരവാദത്തിന്‌ എതിരായ ഇന്ത്യയുടെ പോരാട്ടത്തിന്‌ ആഗോള പിന്തുണ തേടിയുള്ള സർവകക്ഷി പ്രതിനിധി സംഘങ്ങൾ പര്യടനം തുടരുന്നു. റഷ്യയിലെത്തിയ ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഇന്ത്യൻ സ്ഥാനപതി വിനയ്‌കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. റഷ്യൻ പാർലമെന്റിന്റെ അധോസഭയായ ഡ്യൂമയുടെ അന്താരാഷ്‌ട്രകാര്യ സമിതി അധ്യക്ഷനായ ലിയോണിഡ്‌ സ്ലട്ട്‌സ്‌കി, ഉപരിസഭയായ ഫെഡറേഷൻ കൗൺസിലിന്റെ അന്താരാഷ്‌ട്ര സമിതിയുടെ ഒന്നാം ഉപാധ്യക്ഷൻ ആന്ദ്രേ ഡെന്നിസോവ്‌ എന്നിവരുമായി സംഘം ചർച്ച നടത്തി. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി റഷ്യൻ പാർലമെന്റ്‌ പ്രതിനിധികൾ അറിയിച്ചു.

സിപിഐ എം രാജ്യസഭാകക്ഷി നേതാവ്‌ ജോൺ ബ്രിട്ടാസ്‌ ഉൾപ്പെട്ട സർവകക്ഷി സംഘം ജപ്പാനിൽ ‘ജപ്പാൻ–-ഇന്ത്യ പാർലമെന്ററി ഫ്രണ്ട്‌ഷിപ്പ്‌ ലീഗു’മായി ചർച്ചകൾ നടത്തി. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യക്ക്‌ എല്ലാ അവകാശവുമുണ്ടെന്ന്‌ യഷുതോഷി നിഷിമുറേ അധ്യക്ഷനായ പാർലമെന്ററി ഫ്രണ്ട്‌ഷിപ്പ്‌ ലീഗ്‌ പ്രതികരിച്ചു. ജപ്പാൻ പാർലമെന്റിന്റെ അധോസഭയായ ഹൗസ്‌ ഓഫ്‌ റെപ്രസന്റേറ്റീവ്‌ സ്‌പീക്കർ ഫുക്കുഷിറോ നുക്കാഗാ, ജപ്പാൻ മുൻ പ്രതിരോധ മന്ത്രി മിനോറു കിഹാര, ലിബറൽ ഡെമോക്രാറ്റിക്ക്‌ പാർടി (എൽഡിപി) ഇന്റർനാഷണൽ ബ്യൂറോ ഡയറക്‌ടർ ജനറൽ ഷിനാക്കോസ സുചിയാ തുടങ്ങിയ പ്രമുഖ നേതാക്കളുമായും സംഘം ആശയവിനിമയം നടത്തി.

ശ്രീകാന്ത്‌ ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘം അൻവർ ഗർഗഷ്‌ നയതന്ത്ര അക്കാദമി പ്രതിനിധികളുമായി ചർച്ച നടത്തി. ശശി തരൂർ തലവനായ സംഘം ശനിയാഴ്‌ച അമേരിക്കയിലേക്ക്‌ യാത്ര തിരിക്കും. ഡ്രോൺ ആക്രമണ
ഭീഷണി ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം സഞ്ചരിച്ച വിമാനത്തിന്‌ ഡ്രോൺ ആക്രമണ ഭീഷണിയുണ്ടായതിനെ തുടർന്ന്‌ മോസ്‌കോ വിമാനത്താവളത്തിൽ ഒരുമണിക്കൂറോളം വൈകിയാണ്‌ ഇറങ്ങാനായത്‌. റഷ്യ–-ഉക്രയ്‌ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുപക്ഷവും പരസ്‌പരം ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്‌. ഉക്രയ്‌ൻ ഡ്രോൺ ആക്രമണ ഭീഷണിയുള്ളതിനാൽ വിമാനം 45 മിനിറ്റ്‌ ആകാശത്തിൽ വട്ടമിട്ട്‌ പറന്നു.



deshabhimani section

Related News

View More
0 comments
Sort by

Home