ഇസ്രയേൽ-ഇറാൻ സംഘർഷം: കശ്മീരിലെ ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കൾ

ഗുല്‍സാര്‍ നഖാസി
Published on Jun 18, 2025, 05:50 PM | 1 min read
ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായിരിക്കെ ഇറാനിൽ പഠിക്കുന്ന കശ്മീരി വിദ്യാർഥികളെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഉടനടി ആരംഭിക്കണമെന്ന് വിദ്യാർഥികളുടെ മാതാപിതാക്കൾ ഇന്ത്യൻ സർക്കാരിനോടഭ്യർഥിച്ചു. സുരക്ഷ പ്രശ്നവും സംഘർഷം കൂടുതൽ അപകടകരമാകുന്ന സാഹചര്യത്തിലുമാണ് വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടി ഉടനടി തുടങ്ങണമെന്ന് കുടുംബങ്ങൾ ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്.
ടെഹ്റാനും ഖോമിലുമടക്കം 1300 ലധികം ജമ്മു കാശ്മീരി വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ മെഡിക്കൽ ബിരുദ വിദ്യാർഥികളടക്കമുണ്ട്. സംഘർഷത്തിന് തീവ്രതയേറിയ പശ്ചാത്തലത്തിൽ മാതാപിതാക്കൾ വലിയ ആശങ്കയിലാണ്. ചിലർ സുരക്ഷിത മേഖലയിലാണെങ്കിൽ മറ്റ് പലരും കഴിയുന്നത് അപകടം നിറഞ്ഞ സ്ഥലത്താണ്. കുട്ടികളുമായി ബന്ധപ്പെടാൻ വല്ലാതെ കഷ്ടപ്പെടുകയാണ്. ആശയവിനിമയം നടത്താൻ വലിയ ബുദ്ധിമുട്ടാണുണ്ടാകുന്നത്-ടെഹ്റാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ സർവകലാശാല വിദ്യാർഥിയുടെ ബന്ധു മുഹമ്മദ് അയൂബ് പറയുന്നു.
ടെഹ്റാനിലുണ്ടായിരുന്ന മകൾ ഖോമിലേക്ക് മാറിയിരിക്കുന്നു. ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനമായ ഖോമിലേക്ക് മാറ്റിയിരിക്കുന്നു. വിമാനമെത്തിയാൽ നാട്ടിലേക്ക് മടങ്ങാം- മകൾ പറഞ്ഞതായി ഒരു കുടുംബം ദേശാഭിമാനിയോട് പറഞ്ഞു. ജമ്മു കാശ്മീരിലെ നിരവധി പ്രധാനപ്പെട്ട നേതാക്കൾ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട്, കൃത്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു.
ഇറാനിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് വിദ്യാർഥികളെ മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഷിയ നേതാവും പാർലമെന്റംഗവുമായ അഗാ സെയിദ് റുഹുള്ള മെഹ്ദി ഗാന്ധർബാളിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.







0 comments